തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർലൈനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ ചോദിച്ചറിയാൻ
വീടുകൾ സന്ദർശിക്കാനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ സിൽവർലൈൻ അനുകൂല മുദ്രാവാക്യം വിളിച്ച് വീട്ടുകാർ. പ്രദേശത്തെ സിപിഎം കൗണ്‍സിലര്‍ കവിതയുടെ കുടുംബമാണ് സിൽവർ ലൈൻ അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
വി. മുരളീധരൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ താത്പര്യം കാണിക്കാതെ വീട്ടുകാര്‍ സർക്കാരിനും മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാന്‍ തങ്ങൾ തയ്യാറാണെന്നും കുടുംബം പറഞ്ഞു. തുടർന്ന് കേന്ദ്രമന്ത്രിയും സംഘവും വീട്ടിൽ നിന്ന് മടങ്ങി.
സിൽവർലൈൻ വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രതിരോധ യാത്ര എന്ന പേരിൽ വീട് സന്ദർശനം നടത്തിയത്. പ്രാദേശിക ബിജെപി നേതാക്കൾ ഉൾപ്പെടെ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ പത്തരയോടെ ഇവർ കൗണ്‍സിലറുടെ വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വി. മുരളിധരൻ പദ്ധതിക്കെതിരെ സംസാരിച്ചയുടനെ സിൽവർലൈൻ നാടിന് ആവശ്യമാണെന്നും പദ്ധതി നടപ്പാക്കണമെന്നും ഇവർ പറയുകയായിരുന്നു.
അതേസമയം, സിപിഎം ആസൂത്രിതമായി നടത്തിയ പ്രതിഷേധമാണെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. സിൽവർലൈൻ പദ്ധതി ജനങ്ങളെ ബാധിക്കുന്ന പദ്ധതിയാണെന്നും അതിൽ എതിർപ്പുകൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘ശബ്ദിച്ചത് പൊലീസിലെ കീടങ്ങള്‍ക്കെതിരെ’; നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഉമേഷ് വള്ളിക്കുന്ന്