തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുടെ എന്‍ഡിഎ പ്രവേശനത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. മാണിയുടെ പ്രവേശനത്തെ എതിര്‍ത്ത വി.മുരളീധരന്‍ എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ പരാതി. പിന്നാലെ മുരളീധരന്‍ തന്റെ പ്രസ്താവന തിരുത്തുകയും ചെയ്തു.

മുരളീധരനെതിരെ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പി.എസ്.ശ്രീധരന്‍ പിള്ള പരാതി നല്‍കിയിരുന്നു. മുരളീധരന്‍ തന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കാര്യം കഴിഞ്ഞപ്പോള്‍ കലമുടക്കുന്ന സമീപനമാണ് മുരളീധരന്റേതെന്നായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം.

കോര്‍ കമ്മിറ്റിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മാണി വിഷയത്തില്‍ വി.മുരളീധരന്‍ മലക്കം മറിഞ്ഞു. ആരുടേയും വോട്ട് വേണ്ടായെന്ന് പറഞ്ഞിട്ടില്ലെന്നും കുമ്മനത്തിന്റെ നിലപാടാണ് പാര്‍ട്ടിയുടെ നിലാപാടെന്നും മുരളീധരന്‍ തിരുത്തുകയായിരുന്നു.

നേരത്തെ, മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചെന്ന് പറഞ്ഞ കുമ്മനം ശ്രീധരന്‍പിള്ളയുടെ പരാതി യോഗത്തില്‍ വായിച്ചിരുന്നു. എതിര്‍പ്പുള്ളവര്‍ എന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ലെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. അതേസമയം, ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം വ്യക്തമാക്കി.

മാണി അഴിമതിക്കാരനാണെന്നും അതുകൊണ്ട് മാണിയെ എന്‍ഡിഎയുടെ ഭാഗമാക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുരളീധരന്റെ പ്രസ്താവന. എന്നാല്‍ ബിജെപിക്ക് ആരോടും അയിത്തമില്ലെന്ന് കുമ്മനവും ശ്രീധരന്‍പിള്ളയും പറഞ്ഞതോടെ വിഭാഗീയത മറനീക്കി പുറത്തു വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ