കൊച്ചി: സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കൊച്ചിയില്‍ പൊതുപാര്‍ക്കും പൂന്തോട്ടവും ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതിയുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. കാക്കനാട്ടെ 11 ഏക്കറിലാണു ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ എന്ന പേരില്‍ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നത്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കുറച്ച് ഓഹരികള്‍ വിറ്റാണ് പാര്‍ക്കിനാവശ്യമായ തുക ചിറ്റിലപ്പിള്ളി  കണ്ടെത്തിയത്.

സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സെപ്‌സ് എന്നിവക്കു സമീപത്തായുള്ള ഭൂമിയിലാണു കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ (കെസിഎഫ്) ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. കത്തോലിക്ക സഭയുടെ അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ വിജോ ഭവനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ഭൂമി നേരത്തെ കെസിഎഫ് വാങ്ങുകയായിരുന്നു. സഭയുടെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണു ഭൂമി വിറ്റത്.

പൊതു പാര്‍ക്കിനും പൂന്തോട്ടത്തിനും പുറമെ വാക്കിങ്, ജോഗിങ് ട്രാക്കുകള്‍, സ്‌പോര്‍ട്‌സ്-ഗെയിംസ് ഏരിയ, യോഗ-ഹെല്‍ത്ത് ക്ലബ്, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം, ഹാളുകള്‍, ഹെറിറ്റേജ്-കള്‍ച്ചറല്‍ മ്യൂസിയം, എക്‌സിബിഷന്‍ സെന്റര്‍, ലൈബ്രറി, റീഡിങ് റൂം, മാതൃകാ ജൈവ തോട്ടം എന്നിവയും ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ ഒരുക്കും.

പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലമൊരുക്കലും പൂന്തോട്ടം ഒരുക്കലും ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൊച്ചി നഗരവാസികള്‍ക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള പൊതു ഇടമായി ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ മാറും. കെസിഎഫിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമാവും ചിറ്റിലപ്പിള്ളി സ്‌ക്വയര്‍.

സ്‌ക്വയര്‍ സ്ഥാപിക്കാനാവശ്യമായ തുക കണ്ടെത്താൻ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 51.20 ലക്ഷം ഓഹരികളാണു  കൊച്ചസേഫ് ചിറ്റിലപ്പിള്ളി വിറ്റത്. കമ്പനിയുടെ അടവ് മൂലധനത്തിന്റെ 1.2 ശതമാനം വരും ഇത്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രമോട്ടറാണു കൊച്ചസേഫ് ചിറ്റിലപ്പിള്ളി. ഓഹരികള്‍ പൊതു വിപണിയില്‍ വിറ്റ കാര്യം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ഇന്ന് രേഖാമൂലം അറിയിച്ചു.

2012ല്‍ രൂപീകരിച്ച കെസിഎഫിനു കീഴില്‍ വൈദ്യസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവനനിര്‍മാണ സഹായം, സ്ത്രീ സംരഭക വികസനം തുടങ്ങി നിരവധി സാമൂഹ്യസേവനങ്ങളാണു കൊച്ചസേഫ് ചിറ്റിലപ്പിള്ളി നടത്തിവരുന്നത്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിലും ഫൗണ്ടേഷന്‍ മുന്‍പന്തിയിലാണ്. വൃക്ക ദാനം ചെയ്ത വ്യക്തി കൂടിയാണു കൊച്ചസേഫ് ചിറ്റിലപ്പിള്ളി. സാമ്പത്തികമായി പിന്നാക്കവാസ്ഥയിലുള്ള കോട്ടയം സ്വദേശിക്കാണു ചിറ്റിലപ്പിള്ളി വൃക്ക നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.