scorecardresearch
Latest News

വിദേശയാത്ര കേരളത്തിന് ഗുണകരമായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല വി ഡി സതീശന്‍ പറഞ്ഞു.

വിദേശയാത്ര കേരളത്തിന് ഗുണകരമായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിദേശയാത്ര അര്‍ഥവത്തായിരുന്നെന്നും കേരളത്തിന് ഗുണകരമായ നിരവധി തീരുമാനങ്ങളുണ്ടായെന്നമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ യാത്രകൊണ്ട് സംസ്ഥാനത്തിന് നേട്ടമുണ്ടായ കാര്യങ്ങളുടെ പ്രോഗ്രസ് റിപോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ ബോംബെയില്‍ പോകേണ്ടതിനു പകരം എന്തിനു യൂറോപ്പില്‍ പോയി. ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. പദ്ധതി ചെളിവാരല്‍ പദ്ധതിയായി അവശേഷിച്ചു. പകരമായി കേരളത്തെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. നേരത്തെ ജപ്പാന്‍ കൊറിയ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതെല്ലാം നടപ്പായെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.

നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പദ്ധതി എന്തായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. ഇപ്പോള്‍ അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചൊണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണെന്നും ഈ സ്ഥാനപത്തിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: V d satheshan on cm foreign visit