/indian-express-malayalam/media/media_files/uploads/2023/07/v-d-satheesan-k-sudhakaran.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ മൈക്ക് തകരാറിലായതിനെതുടർന്ന് പൊലീസ് കേസെടുത്തിരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ മൈക്ക് തകരാറിലായതിനെതുടർന്ന് പൊലീസ് കേസെടുത്തിരുന്നു. മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരൻ പറഞ്ഞു.
അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്നം ഉണ്ടായതെന്നും പത്തു സെക്കൻഡിനുള്ളിൽ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പങ്കെടുത്ത സിപിഎമ്മിന്റെ ഉൾപ്പെടെയുള്ള പരിപാടികളിൽ ഇത്തരം സാങ്കേതിക പ്രശ്നം നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസെടുക്കാതിരിക്കുകയും ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരിൽ കേസെടുക്കുകയും ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണ്. കോൺഗ്രസിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിത്രീകരിച്ച് പ്രതിച്ഛായ വർധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നാടകമാണ് ഇതിനു പിന്നിലെന്നും സുധാകരൻ ആരോപിച്ചു.
കെപിസിസി ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രിയെ എല്ലാ ആതിഥ്യമര്യാദകളോടെയുമാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ അന്തരീക്ഷത്തിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി ഉയർന്ന മുദ്രാവാക്യങ്ങളെയും നേതൃത്വം ഇടപെട്ട് പെട്ടെന്നു ശാന്തമാക്കിയിരുന്നു. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന്റെ രാഷ്ട്രീയാന്ധത ഇനിയെങ്കിലും അവസാനിപ്പിക്കണം. അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വിജയൻ ഉമ്മൻചാണ്ടിയെന്ന ജനപ്രിയ മുഖ്യമന്ത്രിയിൽനിന്നും ഒരുപാട് പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ഒന്നാം പ്രതി മൈക്ക്
മൈക്കിന് ഹൗളിങ് ഉണ്ടായതിന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംപ്ലിഫയറുമാണ്. ഇത്രയും വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ല. എത്രയോ പരിപാടികളിൽ മൈക്കിന് ഹൗളിങ് ഉണ്ടായിട്ടുണ്ട്. എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്? മുഖ്യമന്ത്രിയുടെ അറിവോടെയല്ല കേസെടുത്തതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലൊരു അബദ്ധം കാട്ടുമോ? പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പൊലീസിനെ ഭരിക്കുന്നത്. കേസെടുക്കൽ അവർക്കൊരു ഹോബിയാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് അവരോട് പറയാനുള്ളത്. എന്തൊക്കെ വിഡ്ഢി വേഷമാണ് ഇവർ കെട്ടുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തൊക്കെയാണ് നടക്കുന്നത്?
ആഭ്യന്തര വകുപ്പിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ലെന്നതിൽ സങ്കടമുണ്ട്. വെളിവും സമനിലയും നഷ്ടപ്പെട്ട ചില ആളുകൾ ഇഷ്ടമില്ലാത്തവർക്കെതിരെ കേസെടുത്ത് അന്വേഷണം ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് മൈക്കിനും ആംപ്ലിഫയറിനും എതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തതെന്ന് സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്രത്തോളം അപഹാസ്യമാക്കുന്ന ആളുകളാണ് അവിടെ ഇരിക്കുന്നത്. വേണമെങ്കിൽ മൈക്കിന് എന്താണ് പറ്റിയതെന്ന് കണ്ടെത്താൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാവുന്നതാണ്. എന്നിട്ട് ചൈനയിലും കൊറിയയിലുമൊക്കെ അന്വേഷണം നടത്തണം. മാവോ സെ തുങിന്റെ കാലത്ത് കുരുവികൾ വിള നശിപ്പിക്കുന്നതിനാൽ എല്ലാ കുരുവികളെയും കൊല്ലാൻ ഉത്തരവിട്ടു. ഇതേത്തുടർന്ന് കുരുവികളെ പിടികൂടി വറചട്ടിയിൽ വറുത്ത് കൊന്നു. പിന്നീട് ആരും ചിരിക്കാൻ പാടില്ലെന്ന് ഉത്തരവിട്ടു.
മാവോയുടെ കാലത്ത് ചൈനയിലും കൊറിയയിലുമൊക്കെ നടന്ന കാര്യങ്ങളുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നത്. ഹാളിൽ ഇരുന്ന് ചിരിക്കാൻ പാടില്ലെന്ന് അവിടെ തീരുമാനിച്ചതു പോലെയാണ് ഇവിടെ ഹാളിൽ കറുത്ത മാസ്ക് വയ്ക്കാൻ പാടില്ലെന്ന് തീരുമാനിച്ചത്. ഇതുപോലെ ആളുകളെ ചിരിപ്പിക്കുന്ന വിചിത്ര നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. ഏതോ സിനിമയിൽ ചോദിച്ചത് പോലെ ഇനി ചൂടുവെള്ളത്തിൽ കുളിക്കാമോ? പൊലീസുകാരെ കാണുമ്പോൾ ആളുകൾ ചിരിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കരുത്. മൈക്കിന് ഹൗളിങ് വന്നതിന് എന്ത് സുരക്ഷാ പരിശോധനയാണ് നടത്തുന്നത്?
എ.കെ ബാലൻ എപ്പോഴും ചിരിപ്പിക്കുന്ന ആളാണ്. ഇവരെല്ലാം നർമ്മ ബോധമുള്ള ഹാസ്യസാമ്രാട്ടുകളായി മാറിയിരിക്കുകയാണ്. ഇനി ഇവരെ കാണുമ്പോൾ ആളുകൾ ചിരിക്കാൻ തുടങ്ങും. കറുപ്പിനോട് ഒരു പ്രശ്നം വന്നതു പോലെ മൈക്കിനോടും എന്തോ പ്രശ്നമുണ്ട്. ഓരോ മാസവും ഇത് മാറിക്കൊണ്ടിരിക്കും, സതീശൻ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.