scorecardresearch
Latest News

ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയാറായത് സ്വാഗതാര്‍ഹം: വി.ഡി.സതീശന്‍

യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പറത്തി വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയാറായത് സ്വാഗതാര്‍ഹം: വി.ഡി.സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പറത്തി വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നു. ഗവര്‍ണര്‍ ചെയ്ത തെറ്റ് ഇപ്പോള്‍ തിരുത്താന്‍ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വി സി നിയമനത്തിലെ യു ജി സി മാനദണ്ഡങ്ങള്‍ വളരെ കൃത്യമാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധരെ ഉള്‍പ്പെടുത്തണം, യു ജി സി പ്രതിനിധി വേണം, മൂന്ന് മുതല്‍ അഞ്ച് വരെ പേരുകള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.

സര്‍വകലാശാലയുമായി ബന്ധമുള്ളവരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വി.സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത സംഭവങ്ങളുമുണ്ട്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസില്‍ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: V d satheesan response on governor university issue

Best of Express