കൊച്ചി: ഗവർണറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്നതിൽ അഞ്ച് പാർട്ടികളിൽ അലഞ്ഞുനടന്ന നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലെന്നും എങ്ങനെ പെരുമാറണം എന്നത് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ എന്നുമായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ പറഞ്ഞത്. അതിന് മറുപടി നൽകുകയായിരുന്നു വി.ഡി.സതീശൻ.
താൻ കോൺഗ്രസുകാരനാണ്, മുതിർന്ന കോൺഗ്രസുകാരെ കണ്ടും ഉപദേശങ്ങൾ സ്വീകരിച്ചുമാണ് ഇവിടെയെത്തിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞാൽ ഞാൻ അത് കേൾക്കും. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് കേൾക്കാൻ ഉദ്ദേശ്യമില്ലെന്ന് സതീശൻ പറഞ്ഞു. സ്ഥാനമാനങ്ങൾ മോഹിച്ച് അഞ്ചു പാർട്ടികളിൽ അലഞ്ഞ ആളാണ് അദ്ദേഹമെന്നും ആ റെക്കോർഡ് ഒക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നയപ്രഖ്യാപനം സംബന്ധിച്ച വിഷയത്തിൽ ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നുവെന്ന് സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവയ്ക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവർണറാണ് ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Also Read: രാജ്ഭവനെ ആരും നിയന്ത്രിക്കണ്ട; വീണ്ടും സർക്കാരിനെതിരെ ഗവർണർ