കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ മനപൂര്‍വമാണ് തീ കൊടുത്തതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
വ്യാപകമായ അഴിമതിയാണ് ബ്രഹ്മപുരത്ത് നടന്നിരിക്കുന്നത്. അതില്‍ പങ്കാളികളായവരെയെല്ലാം പുറത്ത് കൊണ്ടുവരണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അതിനായി കേന്ദ്രത്തിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യ പ്ലാന്റിലെ തീപിടിത്തം ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ്. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന വാസ്തവവിരുദ്ധമായ മറുപടിയാണ് വിഷയം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി മറുപടി നല്‍കിയത്. വിഷപ്പുക ശ്വസിച്ച് ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുകയാണ്. കൊച്ചി നഗരത്തില്‍ മാത്രമല്ല സമീപ ജില്ലകളിലേക്കു പുക വ്യാപിക്കുകയാണ്. പ്രദേശത്ത് അടിയന്തിരമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വായു മലിനീകരണവുമായി പരിശോധനകള്‍ നടത്തി പരിഹാരത്തിന് ശ്രമിക്കണം. ഇ.പി ജയരാജന്റെ സ്ത്രീവിരുദ്ധ പ്രസ്താവന സി.പി.എമ്മിന്റെ വനിതാദിന സന്ദേശമാണെന്നും കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്ന പ്രതിപക്ഷനേതാവ് പറഞ്ഞു.
ആരോഗ്യ, തദ്ദേശ, ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളും നിഷ്‌ക്രിയമായിരിക്കുകയാണ്. തീ ഇപ്പോഴും അണഞ്ഞിട്ടില്ല. പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചത്. കരാറുകാര്‍ ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. രണ്ടാം തീയതി വൈകിട്ട് തീ പിടിച്ചിട്ടും ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പുക ശ്വസിച്ച് ജനം ശ്വാസം മുട്ടിയിട്ടും ലാഘവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരുന്നാല്‍ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.