തിരുവനന്തപുരം:നികുതി ബഹിഷ്‌കരിക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതിയടയ്ക്കാതിരിക്കുന്നത് അപ്രായോഗികമാണെന്നും സുധാകരന്റേത് മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
അധിക നികുതി അടയ്ക്കരുതെന്ന് പറഞ്ഞ കെ സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്ക്കേണ്ട എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നികുതി അടയ്ക്കേണ്ടെന്ന് പറഞ്ഞു. പിണറായിയെ കളിയാക്കാനാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. വിഷയത്തില്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ നികുതി കൊടുക്കേണ്ട എന്ന അര്‍ഥത്തിലല്ല സുധാകരന്റെ പ്രസ്താവനയെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നികുതി പിരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല. ജനങ്ങള്‍ അധികനികുതി അടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യുഡിഎഫ് കാലത്താണ് പിണറായി വിജയന്‍ പറഞ്ഞത്. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരന്‍ പറഞ്ഞു.