കൊച്ചി: അന്തരിച്ച എൻസിപി ​സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയ​​​​ന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പിൽ നടക്കും. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക്​ കൊണ്ടു വരും.

12 മണി മുതൽ തിരുനക്കര മൈതാനിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് കോട്ടയത്തു നിന്നും കുറിച്ചിത്താനത്തേക്ക് കൊണ്ടു പോകും. തുടർന്ന്​ തിങ്കളാഴ്​ച ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

തിങ്കളാഴ്​ച രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിക്കും. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ, താരീഖ് അൻവർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കും.

ഇന്ന് രാവിലെയാണ് ഉഴവൂർ വിജയൻ അന്തരിച്ചു. 60 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ഇതേ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. ഇന്നു രാവിലെ ഏകദേശം 6.55 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രണ്ടു വൃക്കകളും തരാറിലായിരുന്നു. തുടർന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്‌ ഉഴവൂര്‍ വിജയന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി അംഗമായിരുന്നു. കെ.എസ്.യുവിലൂടെയായിരുന്നു തുടക്കം. ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തിച്ചു കയറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു. കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ തലസ്ഥാനങ്ങളിലുണ്ട്. 1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍ നിലകൊണ്ടു. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം പിന്നീട് എൻസിപിയിലെത്തിച്ചേരുകയായിരുന്നു. പ്രസംഗവേദികളിലെ അണമുറിയാത്ത ചിരിയായിരുന്നു ഉഴവൂര്‍ വിജയന്‍. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്‍റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖവുമായി അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ചിരിമുനകളാണ് ഉഴവൂര്‍ വിജയനെ ജനപ്രിയനാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ