കൊച്ചി: ഉഴവൂർ വിജയനെ കേരള രാഷ്ട്രീയം അടയാളപ്പെടുത്തുക അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയുടെ പേരിൽ കൂടിയായിരിക്കും. അത്രയേറെ സവിശേഷമായിരുന്നു ഉഴവൂരിന്റെ പ്രസംഗശൈലി . പ്രസംഗവേദികളിലെ അണമുറിയാത്ത ചിരിയായിരുന്നു ഉഴവൂര്‍ വിജയന്‍. എതിരാളികളുടെ മര്‍മം അടിക്കാനും നര്‍മമായിരുന്നു അദ്ദേഹത്തിന്റെ ആയുധം. ഈ വ്യത്യസ്ത ശൈലിയിലൂടെ തന്നെയാണ് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്‍ മാറിയത്.

ഗൗരവ മുഖത്തിന് ‘പ്രശസ്തരായ’ മുഖ്യമന്ത്രി പിണറായിവിജയനെയും വൈക്കം വിശ്വനെയുമടക്കമുള്ളവരെ തന്റെ പ്രസംഗശൈലിയിലൂടെ ചിരിപ്പിച്ചിട്ടുണ്ട് ഉഴവൂര്‍ . എന്‍.സി.പിയുടെ ഉണര്‍ത്തുയാത്രയ്ക്കിടെ കാസര്‍കോട്ടുവച്ച് പ്രസംഗാവേശത്തില്‍ ഉഴവൂരിന്റെ പല്ല് പറിഞ്ഞുപോയത് നാവമാധ്യമങ്ങൾ വലിയ തോതിൽ ആഘോഷിച്ചിരുന്നു. ‘സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ പല്ലു പറിഞ്ഞുപോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ’ എന്നായിരുന്നു ഇതിനോടുള്ള ഉഴവൂരിന്റെ പ്രതികരണം.

നോട്ട് നിരോധനത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ‘കേരളാ ജനതയെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയൻ’ എന്ന ഉഴവൂരിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പിണറായിയെ വേദിയിലലിരുത്തിത്തന്നെയായിരുന്നു ഈ ‘പ്രയോഗം’. അതു പോലെ എതിരാളികളെ ശക്തമായി വിമര്‍ശിക്കുന്പോഴും വ്യക്തിപരമായി ആരോടും ശത്രുത ഉണ്ടായിരുന്നില്ല ഉഴവൂർ വിജയന്.


കടപ്പാട്: മീഡിയാ വൺ

എപ്പോഴും വേദികളെ സജീവമായി നിലനിര്‍ത്താനും സദസ്സിനെ കൈയിലെടുക്കാനും കഴിവുള്ള നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. ആക്ഷേപഹാസ്യത്തിലൂടെ വളരെ രൂക്ഷമായ വിമര്‍ശനശരങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമായിരുന്നു.

നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍.ചിരിപടര്‍ത്തി അണികളില്‍ അണമുറിയാത്ത ആവേശം വിതറിയിരുന്ന ആളായിരുന്നു ഉഴവൂര്‍ വിജയന്‍. പക്ഷെ പാര്‍ലമെന്ററി രംഗത്ത് പരാജയം രുചിക്കാനായിരുന്നു അദ്ദേഹത്തിന് വിധി. 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

കോട്ടയം ജില്ലയില്‍ ഉഴവൂര്‍ കുറിച്ചിത്താനത്താണ് ജനനം. കെ.എസ്.യുവിലൂടെയായിരുന്നു തുടക്കം. ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തിച്ചു കയറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു. കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ തലസ്ഥാനങ്ങളില്‍.

1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും ഉഴവൂർ വിജയൻ പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.