കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ജന്മനാടയ കോട്ടയം കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് ഉഴവൂര്‍ വിജയന്റെ സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിക്ക് അന്തിമോപചാരം അര്‍പ്പിക്കും. എന്‍സിപി ദേശീയ സെക്രട്ടറി താരീക്ക് അന്‍വര്‍ ഉള്‍പ്പടെയുള്ള നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ഇന്നലെ കോട്ടയം തിരുന്നക്കര മൈതാനം, ഉഴവൂരിലെ കെആര്‍ നാരായണന്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉഴവൂരിന്റെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിനു വെച്ചിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ഉഴവൂരിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നത്.

ഇന്ന് വീട്ടില്‍ 11മണി വരെ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ രാവിലെയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉഴവൂര്‍ വിജയന്‍ മരിച്ചത്. കരൾ രോഗത്തെ തുടര്‍ന്ന് ഈ മാസം പതിനൊന്നാം തീയതി മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ