കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിനായി അമ്മ രേണുകയെയും സഹോദരി സൂര്യയെയും കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനായി എത്താൻ നേരത്തെ ഇരുവരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഹജരാകാത്ത സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Also Read: ഉത്ര കൊലക്കേസ്: സൂരജിന്റെ അച്ഛൻ അറസ്റ്റിൽ; സ്വർണാഭരണങ്ങൾ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ

നേരത്തെ സൂരജിന്റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ കുടുംബാംഗങ്ങൾ ആസൂത്രണം ചെയ്താണോ കൊലപാതകം നടത്തിയതെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. സ്വർണം തട്ടിയെടുത്തതിൽ സൂരജിന്റെ അച്ഛനും പങ്കുണ്ടെന്നും തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണം ഉത്രയുടെ മാതാവ് മണിമേഖല തിരിച്ചറിഞ്ഞു. ഉത്രയുടേതിനൊപ്പം കുട്ടിയുടെ സ്വർണവും ഇതിലുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

Also Read: ഉത്രയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ; സൂരജിന്റെ കുറ്റസമ്മത മൊഴി

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത്
നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.