കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതക്കേസിൽ മുഖ്യപ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇരുവർക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കേസിൽ അതിവേഗ വിചാരണയ്ക്കായി ഉത്രയുടെ കുടുംബവും കോടതിയെ സമീപിക്കും.
ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങളാണ് അമ്മ രേണുകയ്ക്കും സഹോദരി സുര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് രേണുകയെയും സൂര്യയെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മൂന്ന് തവണയാണ് ഇവരെ ചോദ്യം ചെയ്തത്. നേരത്തെ സൂരജിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് ഉത്ര പലതവണ ഗാർഹിക പീഡനത്തിന് ഇരയായതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്.
Read More: ഉത്ര വധം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആദ്യം മുതൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. പുനലൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്ര പ്രകാരം ഉത്ര വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.
ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം രേണുകയെയും സൂര്യയെയും കസ്റ്റഡിയിലെടുത്തായിരുന്നു ചോദ്യം ചെയ്തത്.
സൂരജിന് പാമ്പിനെ വിറ്റ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. കേസിൽ സുരേഷിന് ജാമ്യം ലഭിച്ചെങ്കിലും വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത ഒരു കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ ജയിൽ മോചിതനായിട്ടില്ല. ഗാർഹിക പീഡനക്കേസിൽ നേരത്തെ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടിയിരുന്നു.