തിരുവനന്തപുരം: ഉത്ര കൊലക്കേസിലെ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശം. ഗാർഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ, പത്തനംതിട്ട എസ്‌പിയോട് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ നിർദേശിച്ചു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചു. പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും സൂരജ് മൊഴി നൽകിയിരുന്നു. കൊല നടത്താൻ വേണ്ടി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാൻ 17,000 രൂപ ചെലവാക്കിയെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്.
Read More: ഉത്രയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ; സൂരജിന്റെ കുറ്റസമ്മത മൊഴി
ഉത്രയുടെ മരണം പാമ്പു കടിയേറ്റതു മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചു. വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷം നാഡിവ്യൂഹത്തെ ബാധിച്ചതിനാൽ മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
ഭമേയ് ആറിനാണ് ഉത്രയുടെ മരണപ്പെട്ടത്. ഭർതൃവീട്ടിൽ ബോധരഹിതയായി കണ്ടെത്തിയ ഉത്രയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ പരിശോധനയ്ക്കിടെ യുവതിക്ക് പാമ്പ് കടിയേറ്റതായി കണ്ടെത്തി. പിന്നീട് ബെഡ് റൂമിൽ നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സൂരജ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. പാമ്പാട്ടിയായ സുഹൃത്തിൽ നിന്നാണ് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയത്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സൂരജിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. പിന്നീട് സൂരജിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു മനസിലായി. വീട്ടിൽ പാമ്പ് വന്നപ്പോൾ സൂരജ് കൈ കൊണ്ട് അതിനെ എടുത്ത കാര്യം ബന്ധുക്കളിൽ നിന്നു തന്നെ അറിഞ്ഞതോടെ കൊലപാതകി സൂരജാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു.