ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഭിഭാഷകനെ കാണാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. കുറ്റപത്രം സമർപ്പിച്ച കേസിൽ അടുത്ത മാസം ഒന്നിന് വിചാരണ തുടങ്ങുമെന്നും ജാമ്യം അനുവദിക്കാനാവില്ലന്നും ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ഒരുക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Read More: ഉത്ര വധം: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയും സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ സൂരജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മേയിലാണ് സൂരജ് അറസ്റ്റിലായത്. ഉത്തര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോൺ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്. പാമ്പാട്ടിയായ സുഹൃത്തിൽ നിന്ന് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കേസിൽ ആയിരത്തിലധികം പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി നൽകിയതായും അനന്വേഷണ സംഘം അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയിൽ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചിൽ.
സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ‘വേറാരുമല്ല, ഞാനാ ചെയ്തേ’ എന്നായിരുന്നു കരഞ്ഞുകൊണ്ട് തലതാഴ്ത്തി സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നായിരുന്നു അന്ന് സൂരജ് മറുപടി നൽകിയത്.
എന്നാൽ, സൂരജിന്റെ തുറന്നുപറച്ചിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരൻ ആരോപിച്ചിരുന്നു. കൊലപാതകത്തിൽ കുടുംബത്തിനും പങ്കുണ്ടെന്നും വീട്ടിലെ മറ്റാരും കുടുങ്ങാതിരിക്കാനാണ് സൂരജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിലെന്ന് സഹോദരൻ പറഞ്ഞിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.