scorecardresearch

കരഞ്ഞു തലതാഴ്‌ത്തി സൂരജ് പറഞ്ഞു ‘ ഞാനാ ചെയ്‌തേ’ ; തുറന്നുപറച്ചിൽ വീട്ടുകാരെ രക്ഷിക്കാനെന്ന് ഉത്രയുടെ സഹോദരൻ

എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജ് മറുപടി നൽകിയത്

കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതക്കേസിൽ പ്രതിയായ സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തി. മാധ്യമങ്ങൾക്കു മുന്നിലാണ് ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് സമ്മതിച്ചത്. വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് സൂരജിന്റെ തുറന്നുപറച്ചിൽ.

സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ‘വേറാരുമല്ല, ഞാനാ ചെയ്‌തേ’ എന്നായിരുന്നു കരഞ്ഞുകൊണ്ട് തലതാഴ്‌ത്തി സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജ് മറുപടി നൽകിയത്.

അതേസമയം, സൂരജിന്റെ തുറന്നുപറച്ചിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരൻ ആരോപിച്ചു. കൊലപാതകത്തിൽ കുടുംബത്തിനും പങ്കുണ്ട്. വീട്ടിലെ മറ്റാരും കുടുങ്ങാതിരിക്കാനാണ് സൂരജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിലെന്ന് സഹോദരൻ പറഞ്ഞു.

Read Also: വിഷമുള്ള പാമ്പിനെ അന്വേഷിച്ചിറങ്ങി സൂരജ്; മൂർഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്, വെളിപ്പെടുത്തൽ

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Uthra murder case sooraj revelation