തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാൻ തീരുമാനിച്ചത്. ജനുവരി ഒന്നു മുതൽ നിരോധനം നിലവിൽ വരും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനാണ് തീരുമാനം.

300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവിൽ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

അതേസമയം പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മിൽമ, ബിവറേജസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങള്‍ക്ക് ചില ഇളവുകള്‍ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ വരുത്തുന്നതിനുള്ള ചുമതല. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.