തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് സന്നദ്ധത അറിയിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കുമെന്നു കോണ്‍സല്‍ ജനറല്‍ അറിയിച്ചു.
രാജ്യത്താദ്യമായി കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഉന്നത സ്ഥാപനവുമായി ഇതിനെ സഹകരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ 500 നവകേരളം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കേരളം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റില്‍ യുഎസ് പങ്കാളിത്തകാര്യം കോണ്‍സല്‍ ജനറല്‍ സൂചിപ്പിച്ചു. അക്കാര്യം ചര്‍ച്ച ചെയ്തു.
അമേരിക്കയില്‍ ധാരാളം മലയാളികള്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് അവസരം ലഭ്യമാക്കാന്‍ ഡല്‍ഹിയിലെ എംബസിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ അമേരിക്കയിലെ സിഡിസിയുമായി ബന്ധപ്പെടുത്തുന്ന കാര്യം ആലോചിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ ധാരാളം ചര്‍ച്ചകള്‍ കേരളവുമായി നടത്തുന്നുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കേരളവുമായുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കും. യുക്രൈനില്‍നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാനം നടത്തിയ ശ്രമങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു.
ചീഫ് സെക്രട്ടറി ഡോ.വി പി ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരണത്തിന് അമേരിക്ക