scorecardresearch
Latest News

വനിതകള്‍ക്കെതിരായ അതിക്രമം: പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മാർഗനിർദേശം

മനുഷ്യാവകാശ സംരക്ഷകരാകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു

State Police Chief Anilkanth
ഡിജിപി അനില്‍ കാന്ത്. ഫൊട്ടോ: സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

തിരുവനന്തപുരം: വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും. സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പരാതി ഇന്‍സ്‌പെക്ടര്‍ നേരിട്ട് കേള്‍ക്കണം. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം.

സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അവരുടെ അഭാവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ രേഖപ്പെടുത്തി നല്‍കണം. പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ മദ്യമോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്കുെ വിധേയരാക്കി നിയമനടപടികള്‍ സ്വീകരിക്കണം.

ഓരോ സ്റ്റേഷനിലും ക്രൈം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെയും രാത്രി സ്റ്റേഷനുകളില്‍ കഴിയുന്നവരുടെയും പൂര്‍ണവിവരങ്ങള്‍ അതത് സബ് ഡിവിഷന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇതുവഴി കഴിയും.

Also Read: മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ പദ്ധതി

ജാമ്യം ലഭിക്കാത്ത കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉറപ്പുവരുത്തണം. മനുഷ്യാവകാശ സംരക്ഷകരാകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോ തയറാക്കുന്നത് ശീലമാക്കണം. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരുക്കുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഇന്‍സ്‌പെക്ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണം.

പൊലീസ് സ്‌ക്വാഡ്, ഷാഡോ പോലീസ് എന്നിവര്‍ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാന്‍ ചില സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങള്‍ അറിയാത്തത് പ്രോസിക്യൂഷന്‍ നടപടികളെ ബാധിക്കുന്നു. അതിനാല്‍ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം ആവശ്യമാണ്.

Also Read: അഭയ കേസ് പ്രതികൾക്ക് പരോൾ: സർക്കാരിന് ഹൈക്കോടതി നോട്ടിസ്

രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ല.

പരാതിയുമായി എത്തുന്നവരെ പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത ഉടന്‍ അവസാനിപ്പിക്കണം. പൊലീസ് സ്റ്റേഷനുകള്‍ക്ക് പെര്‍മനന്റ് അഡ്വാന്‍സായി നല്‍കുന്ന തുക 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം.

പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോണ്‍ഫറന്‍സ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍മാരുമായുള്ള സമ്പര്‍ക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും അനില്‍ കാന്ത് നിര്‍ദേശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Urgent action on complaints of violence against women state police chief issues guidelines