കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും പാട്ടിന്റെ പാലാഴി മാത്രമല്ല, ഒട്ടനവധി അത്ഭുതങ്ങള്‍ തീര്‍ക്കാമെന്നതിന് സാക്ഷ്യം പറയുകയാണ് വയനാട് തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം. ഉറവിന്റെ കഥ എന്നത് മുള ജീവിതമാര്‍ഗമാക്കി മാറ്റിയ ഒരു ഗ്രാമത്തിന്റെ കഥ തന്നെയാണ്.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിനാണ് കൊച്ചിയില്‍ മുളയുത്സവം ആരംഭിച്ചത്. നൂറിലധികം സ്റ്റാളുകളിലായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികള്‍ അണിനിരന്നിട്ടുണ്ട്. അഞ്ചിന് അവസാനിക്കുന്ന മേളയില്‍ തങ്ങളുടെ പ്രൗഢഗംഭീരമായ പാരമ്പര്യവുമായി കാടിറങ്ങിയതാണ് ഉറവിലെ സംഘം. എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പവലിയനിലാണ് മുളയുത്സവം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള 200 കലാകാരന്മാര്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മേളയിലുണ്ട്.

ആർട്ട് ഗ്യാലറി

ഉറവിലെ ലെനിന്‍ ചേട്ടന്‍ തീര്‍ത്ത ബാംബൂ ആര്‍ട്ട് ഗ്യാലറിയും ഷൈലജച്ചേച്ചിയുടെ വിളക്കുകളുമാണ് മുളയുത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഉറവിന്റെ പ്രധാന ഡിസൈനറാണ് സി.പി ലെനിന്‍. മുളയുടെ മേഖലയില്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി കലാകാരനുണ്ട്. ഭൂമി, വായു, തീ എന്നീ ആശയങ്ങള്‍ ചേര്‍ത്താണ് ലെനിന്റെ വര്‍ക്കുകള്‍ ഏറെയും.

ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.

ഉറവിന്റെ വെളിച്ചം

കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം അങ്ങനെ പോകുന്നു ലിസ്റ്റ്.

വയനാടിന്റെ മുളങ്കാടുകള്‍ തേക്കിന്‍ കാടുകളായി മാറിയപ്പോള്‍ അത് ആ നാടിന്റെ തന്നെ സ്വത്വത്തെയാണ് ബാധിച്ചത്. വയനാടിന്റെ പരിസ്ഥിതിയെയും സാമൂഹിക സാമ്പത്തിക മേഖലയെയും ഇത് സാരമായി ബാധിച്ചെന്ന തിരിച്ചറിവുകൂടിയായിരുന്നു മുളയുടെ മേഖയലിയേക്ക് ഉറവിനെ എത്തിച്ചത്.

Uravu, Wayanad

കൊച്ചിയിലെ ബാംബൂ ഫെസ്റ്റിഫൽ

ഉറവില്‍ നട്ടുപരിപാലിക്കുന്ന മുളകള്‍ പല ഘട്ടങ്ങളിലൂടെ നീളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആകര്‍ഷണീയമായ അലങ്കാര വസ്തുക്കളായി മാറുന്നത്. തൃക്കൈപ്പറ്റ മേഖലയിലെ സാധാരണക്കാരുടെ വലിയ തൊഴില്‍ കേന്ദ്രമാണ് ഉറവ്. നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.

വിദേശികളും സ്വദേശികളുമടക്കം നിരവധിപേര്‍ കാഴ്ചകള്‍ ആസ്വദിക്കാനും മുളയുത്പന്നങ്ങള്‍ വാങ്ങാനും ഉറവിലെത്താറുണ്ട്. ഉത്തരമലബാറിന്റെ ടൂറിസം മേഖലയിലും ചെറുതല്ലാത്തൊരു പങ്കുണ്ട് ഉറവിന്.

വെറുതെയങ്ങനെ കണ്ടും കേട്ടും മറന്നു കളയാനുള്ള കാഴ്ചകളല്ല ഉറവിന്റേത്. ആഴത്തിലറിയേണ്ട അനുഭവങ്ങളാണത്. പഴമയുടെയും പാരമ്പര്യത്തിന്റെയും നന്മയും ഒരു നാടിന്റെ താളവും സംഗീതവുമുണ്ടതില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ