scorecardresearch
Latest News

‘ഉറ മറച്ചത്’: ലെെംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്ത് വിവാദമാകുമ്പോൾ

മാഗസിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കെഎസ്‌യുവും എബിവിപിയും ശ്രമിക്കുന്നതെന്ന് സ്റ്റുഡന്റ് എഡിറ്റർ ആകാശ് പള്ളം പറഞ്ഞു

‘ഉറ മറച്ചത്’: ലെെംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്ത് വിവാദമാകുമ്പോൾ

കണ്ണൂർ: പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ വിവാദങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ് മുന്നാട് പീപ്പിൾസ് കോളേജിലെ 2018-2019 അധ്യയന വർഷത്തെ മാഗസിൻ. ലെെംഗികതയുടെ അതിപ്രസരമാണു മാഗസിനിലെന്ന വിമർശനവുമായി കെഎസ്‌യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനകൾ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ മാഗസിൻ ഉള്ളടക്കത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടാണ് എഡിറ്റോറിയൽ ബോർഡിനും കോളേജ് യൂണിയനും. മാഗസിന്റെ കവർ ചിത്രം മുതൽ ഉള്ളടക്കം വരെ ചോദ്യം ചെയ്യപ്പെടുമ്പോൾ വിവാദങ്ങളോട് പ്രതികരിക്കുകയാണ് സ്റ്റാഫ് എഡിറ്റർ അനു സെബാസ്റ്റ്യനും സ്റ്റഡുഡന്റ് എഡിറ്റർ ആകാശ് പള്ളവും.

Read Also: വനിതാ ടി20 ലോകകപ്പ്: കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ബലവും ദൗർബല്യവും

മാഗസിന്റെ കവർ ചിത്രമാണ് ആദ്യമേ വിവാദങ്ങൾക്ക് ആരംഭം കുറിച്ചത്. ‘ഉറ മറച്ചത്’ എന്നാണ് മാഗസിനു നൽകിയിരിക്കുന്ന പേര്. ഒരു പഴത്തിനു മേലെയിട്ട കോണ്ടമാണ് കവർ ചിത്രത്തിലെ ഉള്ളടക്കം. സ്റ്റാഫ് എഡിറ്റർ അനു സെബാസ്റ്റ്യൻ തന്നെയാണ് കവർ ചിത്രം തയാറാക്കിയിരിക്കുന്നത്. ‘മറയില്ലാത്ത ചില തുറന്നെഴുത്തുകൾ’ എന്നു മുഖചിത്രത്തിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

“കോളേജ് പുറത്തിറക്കിയ മാഗസിനിലെ ലെെംഗികതയെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ വായിച്ച് ആർക്കെങ്കിലും ലെെംഗികോദ്ദീപനം ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണം അവർക്ക് എന്തോ മാനസികപ്രശ്‌നമുണ്ട്,” സ്റ്റാഫ് എഡിറ്റർ അനു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൃത്യമായ ലെെംഗിക വിദ്യാഭ്യാസം. മറ്റു കാര്യങ്ങൾ പഠിക്കുന്നതുപോലെ ലെെംഗികതയ്‌ക്കും വലിയ സ്ഥാനമുണ്ട്. 2018 ൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത വിഷയമാണ് ആർത്തവവും ശബരിമലയിലെ സ്ത്രീ പ്രവേശനവും. ആർത്തവത്തെക്കുറിച്ചായാലും ലിംഗസമത്വത്തെക്കുറിച്ചായാലും അതൊന്നും മറച്ചുപിടിക്കേണ്ട ഒരു വിഷയമല്ലെന്ന ധാരണ മാഗസിൻ കമ്മിറ്റിക്കു ആദ്യമേ ഉണ്ടായിരുന്നു. അതൊന്നും ചർച്ച ചെയ്യപ്പെടാതെ പോകേണ്ട വിഷയങ്ങളല്ല, സമൂഹം തീർച്ചയായും ഇതേക്കുറിച്ച് ചർച്ച ചെയ്യണം. അങ്ങനെയൊരു നിലപാടിൽ നിന്നാണ് മാഗസിൻ ഇത്തരത്തിലൊരു വിഷയത്തിലൂന്നീ ആകാമെന്ന് മാഗസിൻ കമ്മിറ്റി തീരുമാനിക്കുന്നത്,” അനു പറഞ്ഞു.

Read Also: സ്വാമി വിവേകാനന്ദനായി വേഷമിട്ടിരിക്കുന്ന നടി ആരെന്ന് മനസ്സിലായോ?

“മാഗസിനിൽ സ്ത്രീവിരുദ്ധമായി പലതും ഉണ്ടെന്നാണ് ചിലരുടെ ആരോപണം. അതെല്ലാം അടിസ്ഥാനരഹിതമാണ്. മാഗസിനിൽ ആകെയുള്ള 41 ആർട്ടിക്കിളുകളിൽ 29 ആർട്ടിക്കിളുകളും കോളേജിലെ പെൺകുട്ടികളാണ് എഴുതിയിരിക്കുന്നത്. സ്വവർഗ ലെെംഗികതയെക്കുറിച്ചെല്ലാം മാഗസിനിൽ ഉണ്ട്. സ്ത്രീവിരുദ്ധമായി ഇതിൽ ഒന്നുമില്ല. മാഗസിൻ പൂർണമായി ഒരു വിഷയത്തിൽ മാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ചുള്ള മാഗസിൻ അല്ല. അവിയൽ മോഡൽ മാഗസിൻ വേണ്ടെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരു വിഷയത്തെക്കുറിച്ച് കൃത്യമായി സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാഗസിൻ കമ്മിറ്റി മുന്നോട്ടുപോയത്. മാഗസിൻ കമ്മിറ്റിയിൽ എസ്‌എഫ്ഐക്കാർ മാത്രം അല്ല, ഒരു സംഘടനയിലും അംഗമല്ലാത്ത വിദ്യാർഥികളും ഉണ്ടായിരുന്നു. അവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു ഇങ്ങനെയൊരു വിഷയം. 2018 ലെ ശബരിമല വിഷയം, ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിലെല്ലാം കേന്ദ്രീകരിച്ചാണ് മാഗസിനിലെ ഉള്ളടക്കം. ഒരു ജീവന്റെ തുടക്കം എന്നു പറയുന്നത് ലെെംഗിക അവയവത്തിൽ നിന്നാണ്. അതേ കുറിച്ച് സമൂഹം ചർച്ച ചെയ്യണം. ലെെംഗികത വളരെ മോശമാണെന്ന തരത്തിലാണ് വിവാദം ഉണ്ടാക്കിയവർ കരുതുന്നത്. എന്നാൽ, അങ്ങനെയല്ല, മറച്ചുവയ്ക്കപ്പെട്ടിരുന്ന ഒരു വിഷയം മറയില്ലാതെ ഒരു തുറന്നെഴുത്ത് എന്ന രൂപത്തിലാണ് മാഗസിനും അതിന്റെ ഉള്ളടക്കവും,” അനു പറഞ്ഞു.

മാഗസിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കെഎസ്‌യുവും എബിവിപിയും ശ്രമിക്കുന്നതെന്ന് സ്റ്റുഡന്റ് എഡിറ്റർ ആകാശ് പള്ളം പറഞ്ഞു. “മുഖചിത്രം മാത്രം നോക്കിയാണ് അത്തരക്കാർ വിമർശിക്കുന്നതെന്നും ആകാശ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ശബരിമല യുവതീ പ്രവേശനം ചർച്ചയായിരിക്കുന്ന സമയത്താണ് മാഗസിനെക്കുറിച്ച് ആലോചിക്കുന്നത്. മാഗസിൻ ചർച്ചയാകുമെന്ന് അപ്പോഴേ തോന്നിയിരുന്നു. വിവാദമാകുമെന്നൊന്നും വിചാരിച്ചിരുന്നില്ല. കപട സദാചാര ബോധത്തിനെതിരെയുള്ള ശബ്‌ദമുയർത്തലാണ് മാഗസിൻ,” ആകാശ് പറഞ്ഞു.

Read Also: ബ്രാഹ്‌മണർക്കായി ‘സ്‌പെഷൽ’ ടോയ്‌ലറ്റ്; ആ ചിത്രത്തിനു പിന്നിൽ

“പെൺകുട്ടികളാണ് ഇതിൽ ഭൂരിഭാഗവും എഴുതിയിരിക്കുന്നത്. അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു ക്യാംപസ് മാഗസിൻ മാത്രമാണിത്. ലെെംഗികത പോലുള്ള വിഷയങ്ങൾ മറച്ചുവയ്‌ക്കുന്ന പ്രവണത ഇന്നും ഉണ്ട്. അങ്ങനെ മറച്ചുവയ്‌ക്കേണ്ടതല്ല, സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണിതെല്ലാം. ലെെംഗികത എന്നു പറയുന്നത് ഒരു കുറ്റകൃത്യമല്ല.” ആകാശ് പറഞ്ഞു.

മാഗസിനിൽ ലെെംഗികതയുടെ അതിപ്രസരമാണെന്നും മനപ്പൂർവമാണ് ഇത്തരം വിഷയങ്ങൾ ഉൾക്കൊള്ളിച്ചതെന്നുമാണ് കെഎസ്‌യുവിന്റെയും എബിവിപിയുടെയും പ്രധാന ആരോപണം. ഗവർണർക്കും സർവകലാശാലയ്‌ക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും കൂടുതൽ പഠിച്ചശേഷം പ്രതികരിക്കാമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ura marachathu sfi magazine controversy sexual content allegations