കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിയമ പഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തെന്നും ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ചെന്നും ആരോപിച്ചുള്ള പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രാമങ്കരി സ്വദേശിയായ സെസി ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ആദ്യം കേസെടുത്തതെന്നും പിന്നീടാണ് വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും ബാർ അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും നാമനിർദേശ പത്രിക സ്വീകരിച്ചെന്നും ഹർജിയിൽ പറയുന്നു.
കോടതിയെയും കേസുമായെത്തുന്നവരേയും ബോധപൂർവം വഞ്ചിക്കാനുള്ള ശ്രമം ഹർജിക്കാരിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബാർ കൗൺസിലിനോ, ഭാരവാഹികൾക്കോ ഹർജിക്കാരിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യഹർജി നാളെ കോടതി പരിഗണിച്ചേക്കും.
Read More: കൂടുതൽ വാക്സിൻ എത്തി; ഇന്നു മുതൽ വാക്സിനേഷൻ പുനഃരാരംഭിക്കും