കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി തള്ളിയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന ബിന്ദുവിന്റെ പ്രാരംഭ തടസ്സ വാദം ജസ്റ്റിസ് സോഫി തോമസ് ശരിവെച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് ഇല്ലാത്ത പ്രഫസർ പദവി കാട്ടി പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന് കാണിച്ചാണ് ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേരളവർമ കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്ന ബിന്ദു തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജോലി രാജിവച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ പദവി ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ചെന്നാണ് ഉണ്ണിയാടന്റെ ഹർജിയിൽ പറയുന്നത്.