കണ്ണൂർ: ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് മുക്തനായത്. ആരോഗ്യനില മോശമായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

22 സിനിമകളിൽ അഭിനയിച്ചു. ദേശാടനം, കല്യാണരാമൻ, രാപ്പകല്‍, ഒരാള്‍മാത്രം  എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മലയാള സിനിമകൾ. ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം, കണ്ടുകൊണ്ടേൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ആഴ്‌ചകൾക്ക് മുൻപാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി. ന്യൂമോണിയ മാറിയ ശേഷം വീട്ടിലെത്തി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ: പരേതയായ ലീല അന്തര്‍ജനം. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ (കേരള ഹൈക്കോടതി), യമുന (കൊല്ലം). മറ്റു മരുമക്കള്‍: ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ.പി.വി.കെ. നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.

മുഖ്യമന്ത്രി അനുശോചിച്ചു

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താൽപ്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി.

എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മുക്തനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആരാേഗ്യമേഖലയെയും മുഖ്യമന്ത്രിയെയും കഴിഞ്ഞദിവസം പ്രശംസിച്ചിരുന്നു. തനിക്ക് മികച്ച ചികിത്സ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ജനിച്ചത്.

പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ്. പി.വി കുഞ്ഞികൃഷ്ണന്‍(കേരള ഹൈക്കോടതി ജഡ്ജി), യമുന (കൊല്ലം). മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സിനിമാ ഗാനരചയിതാവ്, ഗായകന്‍, അഭിനേതാവ്), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം).

സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ.പി.വി.കെ നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook