മലയാള സാഹിത്യരംഗം വീണ്ടും നിയമത്തിന്രെ വഴിയിൽ. പലപ്പോഴും സാഹിത്യ വിവാദങ്ങൾ കോടതി കയറിയിട്ടുണ്ട്. സാഹിത്യകാരന്മാർ പരസ്പരം കോടതി കയറ്റിയ ചരിത്രവും കേരളത്തിലുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു കഥാകൃത്ത് നിരൂപകനെതിരെ കോടതി കയറുന്നു.

ഉണ്ണി ആർ എഴുതിയ “ഒഴിവു ദിവസത്തെ കളി” എന്ന കഥ, ജർമൻ നോവലിസ്റ്റായ ഫ്രിഡറിക്ക് ഡ്യൂറൻമ്മാറ്റിന്‍റെ  നോവലിന്രെ ഇംഗ്ലീഷ് പരിഭാഷയുമായി ബന്ധപ്പെടുത്തിയായിരുന്നു ആരോപണം. ഇതാണ് ഇപ്പോൾ കോടതി മുറിയിലെത്തുന്നത്.

unni r, plagiarism m rajeev kumar, ozhivudiavasatha kali, ,

കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആർ.

സ്വന്തം കഥയുടെ മാനം കാക്കാനാണ് കഥാകൃത്ത് ഉണ്ണി. ആർ നിയമത്തിന്റെ മുന്നിലേക്ക് ചെല്ലുന്നത്. ഉണ്ണിയുടെ “ഒഴിവു ദിവസത്തെ കളി” എന്ന കഥയെക്കുറിച്ചാണ് സാഹിത്യകാരനായ എം.രാജീവ് കുമാർ കലാകൗമുദി വാരികയിൽ ആരോപണമുന്നയിച്ചത്. ആരോപണമുന്നയിച്ച എം. രാജീവ്കുമാറിനും അത് പ്രസിദ്ധീകരിച്ച കലാകൗമുദി വാരികയ്ക്കും എതിരെ ഉണ്ണി വക്കീൽ നോട്ടീസയച്ചിരുന്നു. ഇതേതുടർന്ന് കലാകൗമുദി ഉണ്ണിയോട് ഖേദം പ്രകടിപ്പിച്ചു.

unni r, dr. ma rajeev kumar, kalakqumadi, plagiarism,novel, ,

കലാകൗമുദിയിൽ വന്ന ഖേദപ്രകടനം

” ‘ഒഴിവുകാലത്തെ കളി ജർമൻ നോവൽ’ എന്ന തലക്കെട്ടിൽ കലാകൗമുദിയിൽ എം.രാജീവ് കുമാർ എഴുതിയ സാഹിത്യ വിമർശനത്തിലെ ചില പരാമർശങ്ങൾ സാഹിത്യകാരൻ ഉണ്ണി.ആർ (ജയചന്ദ്രൻ.പി) വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനോവിഷമമുണ്ടാക്കുന്ന പരാമർശങ്ങൾ വന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്” എന്നാണ് ഉളളടക്കം പേജിൽ കലാകൗമുദി എഡിറ്ററുടെ പേരിൽ നൽകിയിരിക്കുന്ന ഖേദ പ്രകടനം

ആഴ്ചപതിപ്പ് ഖേദം പ്രകടിപ്പിച്ചതോടെ കോടതിമുറിയിൽ ഇനി കഥാകൃത്തും നിരൂപകനുമാണ് ഉളളത്. കഥ സാഹിത്യ ചോരണമാണോ അതോ അല്ലയോ എന്ന് ഇനി നിയമം തീരുമാനിക്കും.

“അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കണ്ടതുകൊണ്ടാണ് കലാകൗമുദി ഖേദം പ്രകടപ്പിച്ചത്. അതിൽ സന്തോഷ”മുണ്ടെന്നും കഥാകൃത്ത് ഉണ്ണി പറഞ്ഞു. “എഴുത്തുകാർക്കെതിരെ നടക്കുന്നതു പോലെ തന്നെ അപലപനീയമാണ് ഇത്തരം ദുഷ്‌പ്രചരണങ്ങളും അപലപിക്കപ്പെടേണ്ടതാണ്. ആരോപണം ഉന്നയിച്ച ലേഖകന് എതിരെയുളള കേസുമായി മുന്നോട്ട് പോകും. മലയാളത്തിലെ മുതിർന്ന എഴുത്തുകാരും സമകാലികരായ എഴുത്തുകാരുമായി ആലോചിച്ച ശേഷമാണ് കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും” കഥാകൃത്ത് പറഞ്ഞു.

“സാഹിത്യ വിമർശനത്തെ കോടതി കയറ്റുകയും നിയമവ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തുകയുമല്ല വേണ്ടതെന്ന്” നിരൂപകനായ ഡോ. എംരാജീവ് കുമാർ അഭിപ്രായപ്പെട്ടു. “25 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഉണ്ണി. ആർ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട്. സാഹിത്യ വ്യവഹാരങ്ങളെ നിയമവ്യവഹാരങ്ങളാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സാഹിത്യ വിമർശനം വന്നാൽ അതിന് മറുപടി പറയേണ്ട തന്രേടമാണ് എഴുത്തുകാരൻ കാണിക്കേണ്ടത്. അല്ലാതെ വക്കീൽ നോട്ടീസ് അയ്ക്കുകയല്ല. എം.കൃഷ്ണൻനായരും ജോസഫ് മുണ്ടശ്ശേരിയും മാരാരും അഴീക്കോടുമൊക്കെ വിമർശിച്ചവർ കോടതിയെയാണോ സമീപിച്ചത്. വിമർശനം നേരിടേണ്ട ശക്തിയാണ് എഴുത്തുകാരന് വേണ്ടത്. ഇപ്പോൾ വക്കീൽ നോട്ടീസാണ് വന്നിട്ടുളളത്. കോടതിയിൽ കേസാകുകയാണെങ്കിൽ അത് നേരിടാൻ തയാറാ”ണെന്നും രാജീവ് കുമാർ പറഞ്ഞു.  കഥാകൃത്ത് കൂടെയായ രാജീവ്  കുമാർ മുമ്പ് എം.പി.നാരായണപിളളയുടെ പരിണാമം എന്ന നോവലിന്രെ മൗലികത ചോദ്യം ചെയ്തത് അക്കാലത്തെ വലിയ സാഹിത്യ വിവാദം ആയിരുന്നു.

Read More: ഉണ്ണി ആറിന്രെ കഥ മോഷണമാണെന്ന വിമർശനത്തെ കുറിച്ച് കഥാകൃത്തായ ശ്രീനാഥ് ശങ്കരൻ കുട്ടിയെഴുതിയ വിയോജനക്കുറിപ്പ് ഇവിടെ വായിക്കാം. അത് മോഷണമല്ല, ഡോക്ടർ

മലയാളത്തിൽ എഴുത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്യൽ, അഥവാ സാഹിത്യ മോഷണം ആരോപിക്കൽ അത്ര വ്യാപകമല്ല. എന്നാൽ ഏറെ വർഷങ്ങളായി ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബഷീറും ചങ്ങമ്പുഴയും ഒ.വി.വിജയനും എം.ടി.വാസുദേവൻ നായരും പുനത്തിലും എം.പി. നാരായണപിളളയും പോലെയുളള മലയാള സാഹിത്യത്തിലെ പ്രതിഭകൾ സാഹിത്യ ചോരണ ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരമൊരു വിവാദത്തിലെ അവസാനത്തെ കണ്ണിയാണ് ആർ.ഉണ്ണി എന്ന കഥാകൃത്ത്.

m. rajeev kumar, unni r script writer, critic, short story,

നിരൂപകനായ ഡോ. എം രാജീവ് കുമാർ

ഏകദേശം പതിനേഴു വർഷം മുൻപാണ് മാധ്യമം ആഴ്ചപതിപ്പിൽ “ഒഴിവു ദിവസത്തെ കളി” എന്ന കഥ പ്രസിദ്ധീകരിച്ചത്. ആർ.ഉണ്ണി എഴുതിയ ഈ കഥ, ജർമ്മൻ നോവലിസ്റ്റായ ഫ്രിഡറിക്ക് ഡ്യൂറൻമ്മാറ്റിന്‍റെ Die Pfanne എന്ന പേരിൽ 1956 ൽ പുറത്തിറങ്ങിയ നോവലിന് 1960 ൽ പുറത്തിറങ്ങിയ “A Dangerous Game” എന്ന ഇംഗ്ലീഷ് പരിഭാഷയുടെ, അത്ഭുതകരമായ  സാമ്യതയുണ്ടെന്നായിരുന്നു  പ്രമുഖ നിരൂപകനായ എം. രാജീവ് കുമാറിന്രെ ആരോപണം.

“സാഹിത്യമോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സസൂക്ഷ്‌മം വിലയിരുത്തി മാത്രം വിളിച്ചു പറയേണ്ടുന്ന കാര്യ”മാണെന്ന് എഴുത്തുകാരനായ എൻ.ഇ.സുധീർ അഭിപ്രായപ്പെട്ടു. “അക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത നമ്മുടെ സാഹിത്യ സമൂഹം കാണിക്കാറില്ല എന്ന് മുൻകാല ചരിത്രം സാക്ഷ്യം പറയും. വിജയം നേടിയ എഴുത്തുകാരെ കരി വാരി തേയ്ക്കുന്നതിൽ ഒരു മൃഗീയ ആനന്ദം ഇവിടെ ചിലരെങ്കിലും കാണിക്കാറുണ്ട്. ബഷീറും, വിജയനും, എംടിയുമൊക്കെ ഇതിന്റെ ഇരകളായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാൽ അവരുടെ ഒക്കെ കൃതികൾ മൊഴിമാറ്റം നടത്തി വിശ്വസാഹിത്യത്തിന്റെ ഭാഗമായിട്ടുമുണ്ട്. അതുമാത്രം മതി ഇത്തരം തരം താണ ആരോപണങ്ങളുടെ മുന ഓടിക്കാൻ. ഉണ്ണിയുടെ കഥയും ഇംഗ്ലീഷിലേയ്ക്കു വരും എന്നാണ് എന്റെ വിശ്വസം.”

“സമാനതകളുടെ പേരിൽ അനുകരണം ആരോപ്പിക്കുന്ന പതിവാണ് ഇവിടെ പൊതുവെ കണ്ടുവരുന്നത്. സമാനതകളുടെ പേരിൽ മൗലികത ചോദ്യം ചെയ്തുകൂടാ എന്നാണ് വായനക്കാരൻ എന്ന നിലയിൽ ഞാൻ കരുതുന്നത്. മറ്റൊരു സാഹിത്യത്തിലെ ഒരെഴുത്തുകാരനെ പോലെ ചിന്തിച്ചുപോയാൽ അത് കുറ്റമാകുന്നതെങ്ങനെ ? വിജയൻ മാത്രമാണ് ഈ വിഷയത്തെ യുക്തിയോടെ നേരിട്ടിട്ടുള്ളത്. അലൻ പാറ്റേണിന്റെ രചനയുമായും, ലോറൻസ് ഡ്യുറേലിന്റെ അലക്സാണ്ഡ്രിയ ക്വാർട്ട്റ്റ്‌മായും സമാനത കണ്ടെത്തി വിജയനെ ചിലർ പ്രതിക്കൂട്ടിലാക്കിയിരുന്നല്ലോ. അന്ന് വിജയൻ ഭംഗിയായി അതിനു മറുപടി പറഞ്ഞിരുന്നു. സമാനതകൾ കണ്ടാൽ അവയിൽ ഏതാണ് മികവ് പുലർത്തുന്നത് എന്ന് കണ്ടെത്തി സഹിത്യ സ്വഭാവത്തെയും സർഗ്ഗശേഷിയെയും അടയാളപ്പെടുത്തുകയാവും ഉചിതം.”

“വിദേശ സാഹിത്യകാരന്മാരെ പോലെ നമ്മുടെ എഴുത്തുകാർക്ക് സൃഷ്ടി നടത്താൻ കഴിയില്ല എന്ന ഒരു മൗഢ്യം ഈ ആരോപണങ്ങളുടെ പുറകിൽ ഒളിച്ചിരിപ്പുണ്ട്. ആ അപകർഷത ബോധമാണ് പലപ്പോഴും ഇത്തരം ആരോപങ്ങളിൽ എത്തി നിൽക്കുന്നതെന്ന്”  സുധീർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.