കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിൽ ജനങ്ങളെ ഭയത്തിലാഴ്‌ത്തി ‘അജ്ഞാതൻ’. കുന്നംകുളം മേഖലയിലെ പഴഞ്ഞി, ചിറയ്‌ക്കൽ, പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്ഞാതൻ ഓടിനടക്കുന്നത്. പൊലീസിനോ നാട്ടുകാർക്കോ അജ്ഞാതനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി കുന്നംകുളം മേഖലയിൽ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്. രാത്രി എട്ട് മണി കഴിഞ്ഞാൽ പല വീടുകളുടേയും ടെറസിന്റെ മുകളിൽ നിന്ന് അജ്ഞാതന്റെ ശബ്ദം കേൾക്കും. വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും. നിമിഷനേരം കൊണ്ട് ഓടിമറയും. ആറടിയേക്കാൾ ഉയരമുള്ള ആളാണ് രാത്രിയിൽ ഓടിനടക്കുന്നതെന്നാണ് നാട്ടുകാരിൽ പലരും പറയുന്നത്. എന്നാൽ, ആരും തന്നെ ഇയാളെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തിയുണ്ട്.

Read Also: Covid-19 Live Updates: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

രാത്രിയിൽ പല വീടുകളുടേയും വാതിലിൽ തട്ടി ഇയാൾ ഓടിമറയുന്നു. ഭയംകാരണം ഒറ്റയ്‌ക്ക് ആരും പുറത്തിറങ്ങുന്നില്ല. പിന്നീട് സംഘമായി യുവാക്കളടക്കം അജ്ഞാതനെ അന്വേഷിച്ച് പുറത്തിറങ്ങും. എന്നാൽ, ഇതുവരെ ആർക്കും അജ്ഞാതനെ പിടികൂടാൻ സാധിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേരാണ് ഇതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത്. ആറടിയേക്കാൾ ഉയരമുള്ള, ഒത്ത ശരീരമുള്ള ഒരാളാണ് വീടുകളിൽ വന്നു തട്ടുന്നതെന്നാണ് ചിലർ പറയുന്നത്. അജ്ഞാതന്റെ ശല്യം സഹിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞ് നിരവധി പേരാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.

സ്റ്റേഷനിലേക്ക് നിരവധി ഫോൺ കോളുകൾ വരുന്നതായി കുന്നംകുളം പൊലീസ് സ്റ്റേഷൻ അധികൃതർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഇതേ തുടർന്ന് കുന്നംകുളം മേഖലയിൽ പട്രോളിങ് ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. “ഏകദേശം ഒരു മാസത്തോളമായി ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നാണ് നാട്ടുകാർ പലരും പറയുന്നത്. എന്നാൽ, ആരും ഇതുവരെ അജ്ഞാതനെ കൃത്യമായി കണ്ടിട്ടില്ല. നല്ല ഉയരവും വണ്ണവും ഉള്ള ആളാണെന്ന് മാത്രമാണ് സ്റ്റേഷനിലേക്ക് വിളിക്കുന്നവർ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വീടുകളിൽ നിന്ന് വീടുകളിലേക്കും മരങ്ങളിലേക്കും ഇയാൾ ചാടിക്കയറുന്നതായും വാതിലിൽ മുട്ടുന്നതായും പലരും പരാതിപ്പെട്ടു. എന്നാൽ, മോഷണ ശ്രമങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. അജ്ഞാതനെ പിടിക്കാൻ യുവാക്കളടക്കം സംഘം ചേരുന്നതും ഇപ്പോൾ വലിയ തലവേദനയാണ്. കൂട്ടം കൂടി നിൽക്കുന്നവരെയെല്ലാം പിരിച്ചുവിടുകയാണ് ഞങ്ങൾ ചെയ്യുന്നത്.”

Read Also: കലക്കൻ ഡാൻസുമായി അഹാനയും സഹോദരിമാരും; ഇത് വേറെ ലെവൽ കുടുംബമെന്ന് ആരാധകർ

ജനങ്ങളെ പരിഭ്രാന്തരാക്കി മറ്റെന്തോ ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ആളുകളാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുന്നംകുളം ഇൻസ്‌പെക്‌ടർ കെ.ബി.സുരേഷ് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസിനു സംശയമുണ്ട്. ഒരേസമയം ഒന്നിലധികം സ്ഥലത്തും ഇങ്ങനെയൊരു അജ്ഞാതന്റെ സാന്നിധ്യം കണ്ടതായി ആളുകൾ പറയുന്നുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് ഇങ്ങനെയൊരു കൃത്യം ചെയ്യുന്നതെന്നാണ് പൊലീസും സംശയിക്കുന്നത്.

Read Also: ഒരേ രീതിയിൽ ആറു മരണം, അടിമുടി ദുരൂഹത

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്‌ഡൗണ്‍ നിലവിലുള്ളതിനാൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. രാത്രി യുവാക്കളടക്കം വലിയ സംഘം അജ്ഞാതനെ കണ്ടെത്താൻ ഉറക്കംകളഞ്ഞ് ഒന്നിച്ചിരിക്കുന്നതും വലിയ പ്രതിസന്ധിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.