കോഴിക്കോട്: പുതുപ്പാടിയിൽ അജ്ഞാതൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ ചികിത്സയിലിരിക്കെ മരിച്ചു. മലബാർ ഫിനാൻസിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവങ്ങര പി.ടി.കുരുവിള (സജി-52) ആണ് മരിച്ചത്.

മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് അജ്ഞാതൻ ഇദ്ദേഹത്തിന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഈ സമയത്ത് കുരുവിള മാത്രമായിരുന്നു ഓഫീസിനകത്ത് ഉണ്ടായിരുന്നത്. ആക്രമണത്തിന് ശേഷം കൊലയാളി പിൻവാതിലിലൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.

ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് ദേഹത്ത് പടർന്ന തീയുമായി പ്രാണരക്ഷാർത്ഥം പുറത്തുവന്ന കുരുവിള കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. ഇദ്ദേഹത്തെ ഇവിടെയുണ്ടായിരുന്ന മറ്റ് കച്ചവടക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചുവന്ന ഷർട്ട് ധരിച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് കുരുവിളയുടെ മരണമൊഴി. ഒരാൾ സ്വർണ്ണം പണയം വച്ച് വായ്പയെടുക്കാൻ തന്റെ സ്ഥാപനത്തിൽ വന്നിരുന്നുവെന്നും എന്നാൽ അദ്ദേഹം ആവശ്യപ്പെട്ട തുക നൽകാനുളള മതിയായ സ്വർണ്ണം ഇല്ലാത്തതിനാൽ ഇയാളെ മടക്കിയിരുന്നു. ഇയാളുടെ ചിത്രം തന്റെ മൊബൈൽ കാമറയിൽ കുരുവിള പകർത്തിയിരുന്നു. ഇതേ തുടർന്നാണ് ആക്രമണം എന്നറിയുന്നു. മൊഴി അടിസ്ഥാനമാക്കി പൊലീസ് കസ്റ്റഡിയിലെടുത്ത ആളല്ല തന്നെ ആക്രമിച്ചതെന്ന് കുരുവിള പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ