തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരുക്കേറ്റു എന്നും കിടത്തി ചികിത്സ വേണമെന്നും ശിവരഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ശിവരഞ്ജിത്ത് കിടത്തി ചികിത്സ ആവശ്യപ്പെട്ടത്. എന്നാല്‍, കയ്യിലെ പരുക്കിന് കിടത്തി ചികിത്സ വേണ്ടെന്ന് കോടതി പറയുകയായിരുന്നു. വിദ്യാർഥികൾക്ക് ജാമ്യം നൽകിയാൽ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പൊലീസ് വാദിച്ചു.
ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഇന്നലെ അർധ രാത്രിയോടെയാണ് പിടിയിലായത്. തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.
Read Also: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; എസ്എഫ്ഐ യൂണിയന് ഓഫീസിലും യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകള്‍
കേസില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ ആറ് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിയന് ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോളേജിലെ യൂണിയന് ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് തെറ്റുപറ്റിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. നാളെ മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സാധ്യത.