scorecardresearch

സർവകലാശാലാ വിവാദം: ഗവർണക്കെതിരെ സിപിഎമ്മും സിപിഐയും

ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്നും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലറെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

Kerala Governor, Arif Muhammed Khan, ഗവർണർ, CPIM, CPI, കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ, University, സർവകലാശാല, Letter, കത്ത്, കേരള വാർത്ത, Kerala News, Malayalam News, IE Malayalam

തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ രൂക്ഷപ്രതികരണവുമായി സിപിഎമ്മും സിപിഐയും. ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്നും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലറെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നതെന്നും അതു വേണ്ടെന്നു വയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നുമായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഡ്വക്കറ്റ് ജനറൽ (എജി) കെ ഗോപാലകൃഷ്ണക്കുറുപ്പ് കൂടിക്കാഴ്ച നടത്തി. ചാൻസലർ സ്ഥാനത്തു തുടരില്ലെന്നു ഗവർണർ ഇന്നലെ വീണ്ടും വ്യക്തമാക്കിയതിനു പിന്നാലെ ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പുനർ നിയമന വിഷയത്തിൽ ഗവർണർ തന്നോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്നും താൻ കൊടുത്തിട്ടില്ലെന്നും എ ജി മാധ്യമങ്ങളോട് പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചത് കൊണ്ടാണ് സര്‍ക്കാരിനു മറുപടി നല്‍കേണ്ടി വന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം അവര്‍ തമ്മില്‍ തീര്‍ക്കണം.

ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലര്‍. ചാലന്‍സറുടെ പദവിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. കാലടി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണറാണ്. കമ്മിറ്റി അംഗത്തോട് ഒരാളെ നിര്‍ദേശിച്ചാല്‍ മതിയെന്ന് ഗവര്‍ണറാണ് പറഞ്ഞത്. മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നിലപാട് ദുരൂഹമാണ്.

ഗവര്‍ണര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സലര്‍ പദവിയും അദ്ദേഹത്തിന് നല്‍കിയിട്ടുള്ളതാണ്. ഇപ്പോഴും അദ്ദേഹമത് നിർവഹിച്ചുകൊണ്ടിരിക്കുന്ന അതിനെതിരേ സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, ഗവർണർക്കെതിരേ രൂക്ഷമായ ഭാഷയിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റാന്‍ ആലോചനയില്ലെന്നും പക്ഷേ, അതിനു സർക്കാരിനെ നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

”സർവകലാശാല ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നത്. അതു വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം നിയമസഭയ്ക്ക് എപ്പോഴുമുണ്ട്. അതിനു സര്‍ക്കാരിനെ നിര്‍ബന്ധിക്കരുത്,​” കാനം പറഞ്ഞു.

ആദ്യമായല്ല സര്‍ക്കാരും ഗവര്‍ണറും ആശയ വിനിമയം നടത്തുന്നത്. ചര്‍ച്ചയിലെ കാര്യങ്ങള്‍ മാന്യത പാലിച്ച് രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. അത് ലംഘിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്കു പരസ്യമായി മറുപടി പറയേണ്ടി വന്നത്. മാനദണ്ഡം പാലിച്ചാണ് സര്‍ക്കാര്‍ വിസി നിയമനം നടത്തിയത്. ഗവര്‍ണര്‍ നിയമിച്ച ആളെക്കുറിച്ച് അദ്ദേഹം തന്നെ വിമര്‍ശനം ഉന്നയിക്കുകയാണ്. ഗവര്‍ണര്‍ ബാഹ്യ സമ്മര്‍ദത്തിനു വഴങ്ങി എന്നു പറഞ്ഞാല്‍ അത് മോശമാണ്. താന്‍ അങ്ങനെ പറയില്ല.

പൗരത്വ വിഷയത്തിലും കാര്‍ഷിക നിയമത്തിന്റെ കാര്യത്തിലും ഗവര്‍ണര്‍ വിമര്‍ശമുന്നയിച്ചിട്ട് എവിടെ എത്തി?. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ സമ്മേളിക്കാന്‍ അനുവദിക്കില്ലെന്ന പറഞ്ഞ ഗവണര്‍ പിന്നീട് നിയമസഭ വിളിച്ചു കൂട്ടാന്‍ അനുവദിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മാധ്യമ ശ്രദ്ധകിട്ടാന്‍ പ്രസംഗിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. ഗവര്‍ണര്‍ പദവി അനാവശ്യ ആര്‍ഭാടമാണെന്ന് അഭിപ്രായമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ ഗവർണർക്കെതിരെ സിപിഐ മുഖപത്രം ജനയുഗവും വിമർശമുന്നയിച്ചു. മാധ്യമശ്രദ്ധയ്ക്കും ആരുടെയൊക്കെയോ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമമെന്നായിരുന്നു ജനയുഗത്തിന്റെ വിമർശം. ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ലെന്നും മുന്‍പ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Also Read: കണ്ണൂർ വിസി നിയമനം: മാധ്യമ ഇടപെടലിനെതിരെ ഹൈക്കോടതി

അതേസമയം, ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ വിസി പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണെന്നും ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ വിസി പുനർനിയമനത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വിസി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ദില്ലിയില്‍ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ടെന്നു വിഡി സതീശൻ പറഞ്ഞു.

അതേസമയം, ഗവർണർ -സർക്കാർ പോര് കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചു. വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. തനിക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നു എന്ന് ഗവർണറിന് പറയേണ്ടി വന്ന സാഹചര്യം ഗുരുതരമാണെന്ന് ബെന്നി ബെഹനാൻ പറഞ്ഞു.

കണ്ണൂർ വിസി പുനർനിയമനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ കണ്ണൂര്‍ മമ്പറത്തായിരുന്നു പ്രതിഷേധം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: University issue kanam rajendran and kodiyeri balakrishnan against governor

Best of Express