തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സര്‍വകലാശാല കൂടി വരുന്നു. സഹകരണമേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനാണ് ആലോചന. ഇതുസംബന്ധിച്ച് സാധ്യതാ പഠനം നടത്താന്‍ സ്‌പെഷല്‍ ഓഫിസറെ നിയമിച്ചു.
കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മേധാവിയും പ്രൊഫസറുമായ ഡോ. കെ എസ് ചന്ദ്രശേഖരനാണു സ്‌പെഷല്‍ ഓഫിസര്‍. ഇതുസംബന്ധിച്ച് ഡിസംബര്‍ 21നാണു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സഹകരണമേഖലയില്‍ സര്‍വകലാശാല യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ പത്തൊൻപതാമത്തെ സര്‍വകശാലയായിരിക്കുമത്. കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയാണ് ഏറ്റവും ഒടുവില്‍ നിലവില്‍ വന്നത്. 2020 ഒക്‌ടോബര്‍ രണ്ടിനാണു സര്‍വകലാശാല നിലവില്‍ വന്നത്. കോഴിക്കോട് ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.എം. മുബാറക് പാഷയാണു വൈസ് ചാന്‍സലര്‍.
കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല (കാസര്‍ഗോഡ്), ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (കാലടി), തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല (തിരൂര്‍), കേരള ആരോഗ്യ സര്‍വകലാശാല (തൃശൂര്‍), എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (തിരുവനന്തപുരം), കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (എറണാകുളം), കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല (പൂക്കോട്, വയനാട്), കേരള കാര്‍ഷിക സര്‍വകലാശാല (തൃശൂര്‍), കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്, എറണാകുളം), കേരള കലാമണ്ഡലം (കല്‍പ്പിത സര്‍വകലാശാല), നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (സാശ്രയം, എറണാകുളം), കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക സ്ഥാപനം, ശ്രീ ചിത്തിരതിരുനാള്‍ ഇന്സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കല്‍പ്പിത സര്‍വകലാശാല, കോഴിക്കോട്) എന്നിവയാണ് നിലവിലുള്ള സര്‍വകലാശാലകള്‍.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറഞ്ഞിരുന്നു. സര്‍വെകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച ഗവര്‍ണറുമായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Also Read: കെ-റെയില്‍ നാടിന്റെ ഭാവിക്ക്; എതിർപ്പ് മാറും: മുഖ്യമന്ത്രി