ചെങ്കോട്ടെയെന്നാണ് യൂണിവേഴ്സിറ്റി കോളേജിനെ എസ്എഫ്ഐ വിളിച്ചിരുന്നത്. കാഴ്ചയിലും സ്വഭാവത്തിലും അത് അങ്ങനെ തന്നെയായിരുന്നു. കാലങ്ങളായി എസ്എഫ്ഐക്ക് ആധിപത്യം ഉണ്ടായിരുന്ന ക്യാമ്പസ്, അത് തുടരുന്ന ക്യാമ്പസ്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. പ്രതികൂട്ടിൽ എസ്എഫ്ഐ തന്നെ. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ എന്ന വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കുത്തുകയായിരുന്നു. ഇതോടെ എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ വരെ സംഘടനാ നേതൃത്വത്തിനെതിരെ തിരിഞ്ഞു.

എസ്എഫ്ഐക്ക് പുറമെ അവിടെ മറ്റ് വിദ്യാർഥി സംഘടനകകളും വേണം എന്ന് ഒരു വിഭാഗം വാദിച്ചു. മറ്റൊരു കൂട്ടരാകട്ടെ എസ്എഫ്ഐ തന്നെ മതി നേതൃത്വമാണ് മാറേണ്ടതെന്ന് ആവശ്യപ്പെട്ടു. എന്നാൽ മറ്റ് സംഘടനകൾ സമരമുഖത്തേക്ക് വരുകയും യൂണിറ്റ് രൂപികരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്‌യുവും എഐഎസ്എഫുമാണ് നിലവിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ യൂണിറ്റ് രൂപികരിച്ചിരിക്കുന്നത്. എബിവിപി ഉടൻ തന്നെ യൂണിറ്റ് രൂപികരിക്കുമെന്നും അറിയിച്ചു.

അവസരം മുതലെടുത്തതല്ല, ഇത് ആവശ്യമാണ് : എഐഎസ്എഫ്

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിന് പിന്നാലെ കോളേജിൽ പുതിയ യൂണിറ്റ് രൂപികരിച്ചത് ഇടതുപക്ഷത്ത് നിന്നുതന്നെയുള്ള മറ്റൊരു വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ആയിരുന്നു. സ്വന്തം സംഘടനക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങളും വിയോജിപ്പുകളും ഉയരുമ്പോൾ ഒരു കൂട്ടുകക്ഷിയിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണ്.

അത്തരത്തിൽ റെനിൻ സന്തോഷ് പ്രസിഡന്റായ യൂണിറ്റ് രൂപികരിച്ച് യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് എഐഎസ്എഫ്. എന്നാൽ എസ്എഫ്ഐയെ വിമർശിക്കുന്നതിനൊ അവർക്കുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ മാത്രം ഇടപ്പെട്ടതല്ലായെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ വ്യക്തമാക്കുന്നു. ഏകസംഘടനവാദം നിലനിൽക്കുന്ന എല്ലാ ക്യാമ്പസുകളിലും എഐഎസ്എഫ് യൂണിറ്റ് രൂപികരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തിക്കുന്നതിന് ഇപ്പോഴും തടസങ്ങളുണ്ടെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. എസ്എഫ്ഐയുടേത് അല്ലാത്ത ഒരു കൊടിയും ക്യാമ്പസിനുള്ളിൽ വേണ്ടാന്നാണ് പുതിയ പ്രിൻസിപ്പൾ പറയുന്നത്. സംഘർഷം ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് പറയുമ്പോഴും ഏകപക്ഷിയമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.

എഐഎസ്എഫുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതിയും ക്യാമ്പസിലുണ്ടെന്ന് നേതൃത്വം ആരോപിക്കുന്നു. ” യൂണിറ്റിന്റെ നേതൃത്വത്തിലുള്ളവർക്ക് നേരെ ഭീഷണിയോ മറ്റ് കാര്യങ്ങളോയില്ല. എന്നാൽ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് വിദ്യാർഥികളെ ഒറ്റപ്പെടുത്തുന്ന പ്രവണത ക്യാമ്പസിലുണ്ട്.” ശുഭേഷ് സുധാകരൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

എസ്എഫ്ഐയെ ഭയന്ന് ഇതുവരെ അവരുടെ പരിപാടികൾക്ക് ഇറങ്ങിയിരുന്ന പല വിദ്യാർഥികളും അതിനെ മറികടക്കാൻ തുടങ്ങിയെന്ന് യൂണിറ്റ് സെക്രട്ടറി റെനിൻ സന്തോഷും പറയുന്നു. വരും ദിവസങ്ങളിൽ തന്നെ മെമ്പർഷിപ്പ് ക്യാമ്പയിനിങ് ഉൾപ്പടെയുള്ള പരിപാടികൾ തുടങ്ങുമെന്നും റെനിൻ വ്യക്തമാക്കി.

ജനാധിപത്യപരമായി സംഘടനകൾക്ക് പ്രവർത്തിക്കാൻ സാധിക്കണം: കെഎസ്‌യു

18 വർഷങ്ങൾക്ക് ശേഷമാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു തിങ്ക്ലാഴ്ച യൂണിറ്റ് പ്രഖ്യാപനം. മൂന്നാം വർഷ ബിരുദ വിദ്യാർഥി അമല്‍ ചന്ദ്രനാണ് യൂണിറ്റ് പ്രസിഡന്റ്.

കെഎസ്‌യു ഉടൻ തന്നെ മെമ്പർഷിപ്പ് ക്യാമ്പയൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുൾ റഷീദ് ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു.”കൂടുതൽ വിദ്യാർഥികളെ സംഘടനയിൽ ചേർക്കും, പിന്നീട് സ്വാഭാവികമായ കെഎസ്‌യു പ്രവർത്തനങ്ങൾ ക്യാമ്പസിനുള്ളിൽ നടത്തും. എസ്എഫ്ഐയിൽ നിന്ന് ഭീഷണി ഉയരുന്നുണ്ടെങ്കിലും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.” അബ്ദുൾ റഷീദ് വ്യക്തമാക്കി.

ജനാധിപത്യപരമായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ക്യാമ്പസിൽ വരണമെന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അമൽ പറഞ്ഞു.

ജനാധിപത്യ ഇടങ്ങൾ കലാലയങ്ങളിൽ ഒരുക്കും: എബിവിപി

നിലവിൽ യൂണിറ്റ് രൂപികരിച്ചിട്ടില്ലായെങ്കിലും യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉടൻ തന്നെ തങ്ങളുമുണ്ടാകുമെന്ന് എബിവിപി പറയുന്നു. പ്രതിസന്ധികൾ നേരിടുമെന്ന കാര്യത്തിൽ സംശയമില്ലായെങ്കിലും വിദ്യാർഥികളെ അണിനിരത്തി മുന്നോട്ട് പോകാനാണ് എബിവിപി ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

“കേരളത്തിൽ എല്ലാ ക്യാമ്പസുകളിലും എബിവിപി യൂണിറ്റ് രൂപികരിക്കും, അതിൽ യൂണിവേഴ്സിറ്റി കോളേജും ഉൾപ്പെടും. ജനാധിപത്യ ഇടങ്ങൾ എല്ലാ കലാലയങ്ങളിലും സൃഷ്ടിക്കും. എബിവിപിക്ക് മാത്രമല്ല എല്ലാ വിദ്യാർഥി സംഘടനകൾക്കും പ്രവർത്തിക്കാൻ അവസരമൊരുക്കും. പരീക്ഷ ക്രമക്കേട് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സമരമുഖത്ത് ഉണ്ടാകും,” എബിവിപി സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

എല്ലാ വിദ്യാർഥി രാഷ്ട്രീയ സംഘടനകളും യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പുതിയ പ്രസ്ഥാനങ്ങളും പ്രത്യേയശാസ്ത്രങ്ങളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.