തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇനി തുടർന്ന് പഠിക്കാനില്ലെന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി. ഇതേത്തുടർന്ന് കോളേജ് മാറ്റത്തിന് അപേക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. പ്രിന്‍സിപ്പൾക്കും കേരള വൈസ് ചാന്‍സിലര്‍ക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് പെണ്‍കുട്ടി അപേക്ഷ നല്കി.
ഭയം കൊണ്ടാണ് കോളേജ് മാറുന്നതെന്നും പരാതിയിൽ നിന്ന് പിൻവാങ്ങാൻ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. നേരത്തെ, വിദ്യാർഥിനിയുടെ ജീവനൊടുക്കാനുള്ള ശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു വിദ്യാർഥിനി പറഞ്ഞിരുന്നത്. പക്ഷെ, പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു.
ആത്മഹത്യാ ശ്രമത്തിൽ ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ എസ്എഫ്ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പൊലീസിന് നല്കിയ മൊഴിയില്‍ ആരുടെയും പേരും പറഞ്ഞില്ല. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് പെൺകുട്ടികളുടെ വിശ്രമ മുറിയിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.