തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ഒന്നാം പ്രതി ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നസീമിനേയും ക്യാംപസിലെത്തിച്ചു. കോളേജ് പരിസരത്തെ ചവറ്റു കൂനയില്‍ നിന്നും അഖിലിനെ കുത്തിയ കത്തി പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്താണ് കത്തി കാണിച്ച് കൊടുത്തത്. ശിവരഞ്ജിത്തിനെ കൊണ്ട് തന്നെ പൊലീസ് കത്തി എടുപ്പിച്ചു.

അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും. ഈ കത്തി ഉപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ഉറപ്പിക്കേണ്ടത്.

SFI, എസ്എഫ്ഐ, Attack, ആക്രമണം, university college, യൂണിവേഴ്സിറ്റി കോളേജ്, police, knife കത്തി

പ്രതികളെ ക്യാംപസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

പരിശീലനം നേടിയവർ ഏറെ വൈദഗ്‌ധ്യത്തോടെ കുത്തുന്നതു പോലെയാണ് അഖിലിനേറ്റ മുറിവുകൾ. ഇടനെഞ്ചിലെ മുറിവ് ഏറെ ആഴത്തിലുള്ളതാണ്. ഹൃദയത്തിന്റെ അടിഭാഗത്തിന് തൊട്ടടുത്തു വരെ ഈ കുത്തിന് ആഴമുണ്ട്. അൽപം താഴെയാണ് രണ്ടാമത്തെ കുത്ത്. പിന്നിൽ മുതുകിലാണ് മൂന്നാമത്തെ കുത്ത്. നസീമും ശിവരഞ്ജിത്തും കത്തിയുമായി കോളേജിലെത്തിയത് അഖിലിനെ കൊല്ലാൻ തന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടനെഞ്ചിലെ മുറിവ് മാരകമായിരുന്നു. ഒന്നര ലിറ്ററോളം രക്തം നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്.

Read More: കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിലിന്റെ മൊഴി

അഖിലിനെ കുത്തിവീഴ്‌ത്തിയ കത്തി കോളേജിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചിരുന്നു. അഖിൽ മൊഴി നൽകിയ കാര്യങ്ങളെല്ലാം രണ്ട് പ്രതികളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊടി കെട്ടാനുപയോഗിക്കുന്ന ഇരുമ്പുപൈപ്പും പട്ടിക കഷണവും കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം, നസീം തന്നെ പിന്നിൽ നിന്ന് പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയും ചെയ്തെന്നാണ് അഖിലിന്റെ മൊഴി. ഇന്ന് വൈകിട്ട് 5 വരെയാണ് നസീമിന്റെയും ശിവരഞ്ജിത്തിന്റെയും പൊലീസ് കസ്റ്റഡി.

വിമതപ്രവർത്തനം നടത്തിയതിന്റെ ദേഷ്യത്തിലാണ് കുത്തിയതെന്നും ഇരുവരും മൊഴിനൽകി. പിടികിട്ടാനുള്ള 10 പ്രതികളുടെ വീടുകൾ കണ്ടെത്തിയതായും അവർ ഒളിവിലുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യും. സെക്രട്ടേറിയറ്റിനും യൂണിവേഴ്സിറ്റി കോളേജിനും മുന്നിലെ തുടർച്ചയായ സമരങ്ങൾ നേരിടേണ്ടതിനാൽ പൊലീസിന് കേസന്വേഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവുന്നില്ല. ഇതുകാരണമാണ് കൂട്ടുപ്രതികളുടെ അറസ്റ്റ് വൈകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.