തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കലാലയത്തില്‍ യാതൊരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ തള്ളി വി.എസ്.അച്യുതാനന്ദനും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ് എഫ് ഐക്കെതിരെ വി എസ് വിമർശനമുന്നയിച്ചത്. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്ന് വി.എസ് പറഞ്ഞു. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളിൽ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; എസ്എഫ്ഐ യൂണിയന്‍ ഓഫീസിലും യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പൊലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും വി.എസ് കൂട്ടിച്ചേർത്തു.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് തെറ്റുപറ്റിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. നാളെ മുതല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.