തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ ഏഴ് പ്രതികള്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുക. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പൊലീസ് അനുമതി തേടിയിരുന്നു.
കേസിലെ ഏഴു പ്രതികളും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്.
Read Also: ‘അവര്‍ കടുവകളാണ്, സര്‍ക്കാരിനെ രക്ഷിക്കും’; കാലുവാരിയ വിമത എംഎല്‍എമാരെ പുകഴ്ത്തി ഡി.കെ ശിവകുമാര്‍
എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥി അഖിൽ ഡോക്ടർക്കു മൊഴി നൽകിയിരുന്നു. പോലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയതു ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയത്. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. ‘കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ’ എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവവും അന്വേഷിക്കാന്‍ തീരുമാനമായി. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.