തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിന് മുന്നിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം. കല്ലേറിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പടെയുള്ള പ്രവർത്തകർക്ക് പരുക്കേറ്റു. പിന്നാലെ ഇരു വിഭാഗക്കാരും ചേരിതിരഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപ്പെട്ട് അവസ്ഥ ശാന്തമാക്കിയെങ്കിലും കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഭിജിത്തിന്റെ നേതൃത്വത്തിൽ എം.ജി.റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. പ്രതിഷേധകാരായ വിദ്യാർഥികൾക്കൊപ്പം മുതിർന്ന നേതാക്കളും റോഡിൽ കുത്തിയിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് ക്യാമ്പസിനുള്ളിൽ വച്ച് കെഎസ്‌യു പ്രവർത്തകനായ അമലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം പ്രിൻസിപ്പലിനോട് പറയാൻ എത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ് ഗേറ്റിൽ തടഞ്ഞു. ആ സമയം കോളെജിനകത്തു നിന്നും കല്ലേറുണ്ടാവുകയായിരുന്നു. പിന്നാലെ എസ്‌എഫ്ഐക്കാർ കെഎസ്‌യു പ്രവർത്തകരെയും തിരിച്ചും ആക്രമിച്ചതോടെ എംജി റോഡ് ഒരു തെരുവ് യുദ്ധത്തിന് തന്നെ വേദിയായി.

ഇതിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകർ റോഡ് ഉപരോധിച്ചു. തങ്ങളുടെ പ്രവർത്തകർക്ക് പരുക്കേറ്റെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകരും റോഡിൽ പ്രതിഷേധം ആരംഭിച്ചതോടെ സംഭവം വീണ്ടും ഗുരുതരമായി.

ഏറെ നേരം നീണ്ട പ്രതിഷേധത്തിനൊടുവിൽ എം.ജി റോഡില്‍ ഉപരോധസമരം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പോലീസിനെ പ്രതിരോധിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ കിടന്നെങ്കിലും പോലീസ് ഇവരെ ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.