തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐയുടെ സമഗ്രാധിപത്യം. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എസ്‌എഫ്‌ഐ സ്വന്തമാക്കി. മത്സരം നടന്ന അഞ്ച് ജനറൽ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

മറ്റ് സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശക്തി തെളിയിക്കാന്‍ കെഎസ്‌യുവും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍, മത്സരിച്ച സീറ്റുകളിലൊന്നും മികച്ച പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, ഒരു യുയുസി സ്ഥാനങ്ങളിലേക്കാണ് കെ‌എസ്‌യു മത്സരിച്ചത്.

Read Also: തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം; എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി

ക്യാംപസിനുള്ളിലെ കത്തിക്കുത്ത് കേസ്, പിഎസ്‌സി പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ എസ്‌എഫ്‌ഐ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് വന്നത്. ഈ വിഷയങ്ങളെല്ലാം എസ്‌എഫ്‌ഐക്കെതിരെയുള്ള രാഷ്ട്രീയ ആയുധങ്ങളായി കെഎസ്‌യു ഉപയോഗിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം എസ്എഫ്‌ഐയ്ക്ക് കരുത്തേകി.


തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല എസ്‌എൻ, കല്ലറ മന്നാനിയ, നാഷണല്‍, കല്ലമ്പലം കെടിസിടി, ആറ്റിങ്ങല്‍ ഗവ.ആര്‍ട്‌സ്, നെടുമങ്ങാട്, മലയിന്‍കീഴ്, പാറശാല കുളത്തൂര്‍ കോളേജുകളിലും മുഴുവന്‍ സീറ്റിലും എസ്‌എ‌ഫ്‌ഐ വിജയിച്ചു. അഞ്ച് കോളേജില്‍ എസ്‌എ‌ഫ്‌ഐ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 36 കോളേജിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.