തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരായത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിലെ ഒന്നാമൻ. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പട്ടികയിലെ റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
Read More: യൂണിവേഴ്സിറ്റി കോളേജ് അക്രമം; ഒരാള്‍ അറസ്റ്റില്‍, പ്രധാന പ്രതികള്‍ ഇരുട്ടത്ത് തന്നെ
കണ്ണൂരിലെ കെഎപി 4 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ നിയമനത്തിനായി പി എസ് സി ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് ലിസ്റ്റാണ് വിവാദമായത്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയത് എന്നും കോപ്പിയടിച്ചാണ് ഉയര്‍ന്ന റാങ്ക് നേടിയത് എന്നുമാണ് ആരോപണം.
കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് അഖിലിനെ കുത്തിയത്. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. ‘കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ’ എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.