തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ സബ്‌ജറ്റ് കമ്മിറ്റിയുടെ അംഗീകാരം. ഓഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു ബിൽ പാസാക്കുക.
മന്ത്രി ആര്‍ ബിന്ദുവാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ യു ജി സി റഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ സ്പീക്കര്‍ തള്ളി.
സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങളെ എതിര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. എന്നാല്‍ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്നും ബില്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു സഭയില്‍ പറഞ്ഞു. പ്രതിപക്ഷം തടസവാദം ഉന്നയിച്ചെങ്കിലും സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നുവെന്ന് പി രാജീവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സ്പീക്കര്‍ വാദം തള്ളുകയായിരുന്നു.
ഒരു കാരണവശാലും ബന്ധുനിയമനം അനുവദിക്കില്ല: ഗവർണർ
സർവകലാശാല നിയമ ഭേദഗതിയിൽ തെറ്റില്ലെന്നും നിയമസഭയ്ക്കു നിയമം പാസാക്കാന്‍ അധികാരമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ഭരണഘടനാപരമാണോയെന്ന് പരിശോധിച്ച് ബില്ലിൽ ഒപ്പിടുന്ന കാര്യം തീരുമാനിക്കും.
ഏതു ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. സർവകലാശാലയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അനുവദിക്കില്ല. ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. സർവകലാശാലകളുടെ സ്വയം ഭരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.