തിരുവനന്തപുരം: വേതന വർദ്ധനവ് സംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനം പുറത്തിറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് ഫലം കണ്ടു. ഇതോടെ നാളെ മുതൽ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലടക്കം നഴ്സുമാർ നടത്താനിരുന്ന സമരം പിൻവലിച്ചു. കൂട്ട അവധിയെടുക്കാനാണ് നഴ്സുമാർ തീരുമാനിച്ചിരുന്നത്.
നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർദ്ധനവ് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചിരിക്കുന്നത്. എന്നാൽ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സംബന്ധിച്ച കാര്യത്തിൽ മുഖ്യമന്ത്രിയുമായി യുഎൻഎ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഇക്കാര്യം നാളെ ലേബർ കമ്മിഷണറുമായി നടക്കുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യാമെന്ന ധാരണയിലാണ് ഉളളത്.
കഴിഞ്ഞ ദിവസവും നഴ്സുമാരും ലേബർ കമ്മിഷണറും മാനേജ്മെന്റും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിരുന്നില്ല. 2017 ജൂലൈയിലാണ് നഴ്സുമാരുടെ വേതനം വർദ്ധിപ്പിച്ച് തീരുമാനമായത്. എന്നാൽ അടിസ്ഥാന ശമ്പളം ലഭിക്കാൻ വൈകി. ഇത് വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാളെ മുതൽ നഴ്സുമാർ സമരം നടത്താൻ നിശ്ചയിച്ചത്.
ഈ മാസം അഞ്ച് മുതൽ അനിശ്ചിതകാല സമരം നടത്താനായിരുന്നു യുഎൻഎ നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ സമരം സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീടാണ് ആറുമുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് നഴ്സുമാർ സമരം പിൻവലിച്ചത്.