തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിയന് ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം. കോളേജിലെ യൂണിയന് ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് തെറ്റുപറ്റിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. നാളെ മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സാധ്യത.
മുഖ്യപ്രതികൾ ഉൾപ്പെടെ ആറു പ്രതികളെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രോ വൈസ് ചാൻസിലറോടും പരീക്ഷ കണ്‍ട്രോളറോടും വിസി നിർദേശിച്ചു.
ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഇന്നലെ അർധ രാത്രിയോടെയാണ് പിടിയിലായത്. തിരുവനന്തപുരം ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ കേശവദാസപുരത്ത് വച്ചാണ് ശിവരഞ്ജിത്തും നസീമും പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.
കേസില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളാണ് ഇജാബ്. അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിൽ ആറ് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടികൂടിയിരുന്നു. പ്രതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നും എഴുതാത്ത പേപ്പറുകളാണ് കണ്ടെത്തിയത്. ഇത് നാല് ബണ്ടിലോളം വരും. ഒരു ബണ്ടിലില്‍ 12 ഉത്തരക്കടലാസുകളാണ് ഉണ്ടാകുക. പരീക്ഷാ ഹാളില്‍ വച്ച് മാത്രം വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പേപ്പറുകളാണ് പിടികൂടിയിരിക്കുന്നത്. കന്റോണ്‍മെന്റ് എസ്ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.