ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപിക്ക് തിരിച്ചടിയായി കേന്ദ്ര മന്ത്രിയുടെ നിലപാട്. കേരള ഘടകത്തിന്റെ നിലപാട് തള്ളിയാണ് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജന്‍ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്നും നിയമവാഴ്ച്ചയുള്ള നാട്ടില്‍ കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി നടത്തുന്ന സമരത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ബിജെപി നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുമ്പോഴാണ് കേന്ദ്ര മന്ത്രി തന്നെ നിലപാട് തള്ളി രംഗത്തെത്തിയിരിക്കുന്നത് എന്നത് ബിജെപിക്ക് തിരിച്ചടിയാണ്. ഒമ്പത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനാണ് സമരം ഏറ്റെടുത്തിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അയ്യപ്പജ്യോതി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് നടത്തിയ അയ്യപ്പജ്യോതിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.