ന്യൂഡൽഹി: തിരുവനന്തപുരത്ത് സിപിഎം-ബിജെപി അക്രമം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി കേരളത്തിലെത്തും. ഞായറാഴ്ചയാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. രാജ്യസഭ എംപി സുരേഷ് ഗോപിയടക്കം ബിജെപി സംഘം കേന്ദ്രത്തിലെത്തി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അടക്കം കണ്ടിരുന്നു.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തുന്നത്. കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് തിരുവനന്തപുരം ശ്രീകാര്യത്തെ രാജേഷിന്റെ വസതി മന്ത്രി സന്ദർശിക്കും.

കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ വിവിധയിടങ്ങളിൽ സംഘർഷം നടന്നത്. ഐരാണിമുട്ടത്ത് ഹോമിയോ കോളേജിന് മുൻവശത്തെ എസ്എഫ്ഐയുടെ കൊടിമരം തകർത്തതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷമാണ് ഒടുവിൽ ജില്ലയിലാകെ പടർന്നത്.

എസ്എഫ്ഐ-എബിവിപി സംഘർഷം പൊലീസ് ഇടപെട്ട് ഒത്തുതീർത്ത ശേഷവും ഇരുവിഭാഗവും ഏറ്റുമുട്ടി. ഇതേ തുടർന്ന് തിരുവനന്തപുരത്ത് സിപിഎമ്മിന്റെ നേതാക്കളുടെ വസതികൾക്ക് നേരെയും ജനപ്രതിനിധികളുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അഞ്ചംഗ സംഘം ആക്രമിച്ചു.

തിരുവനന്തപുരം നഗരസഭ കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിക്ക് നേരെയും ആക്രമണം ഉണ്ടായി.

ഇതേ തുടർന്ന് പൊലീസ് അക്രമം അടിച്ചമർത്താൻ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും പരാതികളിൽ അക്രമത്തിൽ ഉൾപ്പെട്ടവരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം രാത്രി ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശ്രീകാര്യത്തെ ആർഎസ്എസ് കാര്യവാഹ് രാജേഷ് അക്രമികളുടെ വെട്ടേറ്റ് മരിച്ചു.

നാൽപ്പതോളം മുറിവുകളാണ് രാജേഷിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ബിജെപി സംസ്ഥാനത്തൊട്ടാകെ ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷം പടർന്നതിനെ തുടർന്ന് ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു.

ഇതിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും ആർഎസ്എസ് നേതാവ് ഗോപാലകൃഷ്ണനും തമ്മിൽ തിരുവനന്തപുരം മാരിയറ്റ് ഹോട്ടലിൽ ചർച്ച നടത്തി.

ഈ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് രോഷത്തോടെ പറഞ്ഞത് വൻ വിവാദമായിരുന്നു. സിപിഎം-ബിജെപി നേതാക്കൾ അക്രമം അവസാനിപ്പിക്കാൻ അണികളോട് നിർദ്ദേശിക്കുമെന്ന് പരസ്പരം സമ്മതിച്ചതോടെയാണ് ചർച്ച അവസാനിച്ചത്. ആർഎസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പത്ത് പേരെ പൊലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ