കൊച്ചി: വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

‘സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ പണം ആവശ്യമാണ്. സബ്‌സിഡി നല്‍കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പണം വേണം. അത് ലഭിക്കുന്നത് നികുതിയില്‍ നിന്നാണ്. പാവപ്പെട്ടവന് വേണ്ടി പണമുള്ളവര്‍ നികുതി നല്‍കാന്‍ തയാറാവണം. ഇരുചക്ര വാഹനം വാങ്ങാന്‍ പണമുള്ളവന്‍ ഭക്ഷണം കഴിക്കാനും സാമ്പത്തിക ശേഷിയുള്ളവരാണ്. എന്നാല്‍, രാജ്യത്തെ മുപ്പത് ശതമാനം ആളുകള്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ്. അതിനാല്‍ വാഹനമുള്ളവര്‍ ആ ത്യാഗം സഹിക്കേണ്ടതു തന്നെയാണ്’ അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

ഇന്ധനവില വര്‍ധനമൂലം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനാവുന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കാരണം അവയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ‘നമ്മുടെ കെഎസ്ആര്‍ ടിസിയ്ക്ക് തന്നെ സര്‍ക്കാര്‍ എത്ര കോടി രൂപ നല്‍കുന്നുണ്ട്? ഇന്ധനവില മൂലം അവശ്യ സാധന വില വര്‍ധിക്കുന്ന അവസ്ഥയും ഇന്ത്യയില്‍ ഇപ്പോഴില്ല. രാജ്യത്തെ വിലക്കയറ്റം ഇപ്പോള്‍ നാലു ശതമാനത്തില്‍ താഴെ മാത്രമാണ്. റിസര്‍വ് ബാങ്കുമായുള്ള ധാരണ പ്രകാരം ഇത് നാലര ശതമാനം വരെയാകാം’ മന്ത്രി വിശദീകരിക്കുന്നു.

ബീഫിനെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തമാശയായി എടുത്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിദേശങ്ങളിൽ നല്ല ബീഫ് കിട്ടും. വിദേശികൾ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താൻ തമാശയായി ചോദിച്ചത്. അത് ചാനലുകൾ ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഒരു പ്രദേശത്തെ ജനങ്ങൾ എന്താണോ കഴിക്കാൻ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും കണ്ണന്താനം വ്യക്തമാക്കി. രാഷ്ട്രീയക്കാർക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു ‘ഫൺ പേഴ്സൺ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ