ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കെ. മുരളീധരൻ എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ എംപിക്ക് നൽകിയ കത്തിൽ പറഞ്ഞു. കേരളാ എയിംസിന് തത്വത്തിൽ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോൾ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് അറിയിച്ചു. ധനമന്ത്രാലയമാണ് തുടർനടപടികൾ സ്വീകരിക്കുക. അതിന് ശേഷമാകും അന്തിമതീരുമാനം വരിക.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രആരോഗ്യമന്ത്രാലയം കത്ത് അയച്ചത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട് കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും പരിശോധന നടത്തി സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. കാസർഗോഡ് ജില്ലയിൽ എയിംസിനായി സമരം നടക്കുന്നുണ്ട്.
Also Read: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന; 24 മണിക്കൂറിൽ 2,527 പുതിയ കേസുകൾ