തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ വന്ദേഭാരത് മിഷന് വിമാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. കേരളത്തിന് മാത്രമായി പ്രത്യേക ചട്ടം നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് മാത്രമേ കേരളം പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ ബാധകമാകുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ചാര്‍ട്ടേഡ്, സ്വകാര്യ, വന്ദേഭാരത് വിമാന സര്‍വീസുകളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസി യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളാണ് ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ചട്ടങ്ങള്‍ കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ പ്രായോഗികമാകില്ലെന്ന് സംസ്ഥാനത്തെ അറിയിച്ചുവെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച്ച ഉച്ചവരെ വിദേശത്തുനിന്ന് 98,202 പേര് കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ 96,581 (98.35 ശതമാനം) പേര് വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര് കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്. തിരികെ എത്തിയവരില്‍ 36,724 പേര് കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. തിരികെ എത്തിയവരില്‍ 72,099 പേര് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 72 ഫ്ളൈറ്റുകളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ ഫ്ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റേയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
Read Also: തുടർച്ചയായ ഏഴാം ദിവസവും നൂറിന് മുകളിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്
പുറമേനിന്നു വന്ന കേസുകളില്‍ 7 ശതമാനം പേരില്‍ നിന്നു മാത്രമാണ് രോഗം പടര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 93 ശതമാനം ആളുകളില്‍ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ നമുക്ക് തടയാന്‍ സാധിച്ചു. ഇതു ഹോം ക്വാറന്റൈന് സംവിധാനത്തിന്റെ വിജയമാണ്. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്വാറന്റൈന് സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.