ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 11.17 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 11 സ്റ്റേഷനുകള്‍ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമികയാണ്.
കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് പാതയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂര്‍ത്തിയായത്. 25.6 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് 1എ പദ്ധതിയില്‍പ്പെടുത്തി പേട്ട മുതല്‍ എസ്എന്‍ ജംക്ഷന്‍ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂര്‍ത്തിയായിരുന്നു.