ഒന്നിലേറെ സംസ്ഥാന തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽകുമ്പോൾ, അതും നിർണായകമായ ഉത്തർ പ്രദേശ് അതിൽ ഉൾപ്പെടുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാമോ അത് ജെയ്റ്റ്‌ലി നൽകി. ഗാന്ധിയെ ഒന്നിനുപുറകെ ഒന്നായി ഉദ്ധരിച്ച ജെയ്റ്റ്‌ലി സാമ്പത്തിക മേഖലയെ വൃത്തിയാക്കുന്ന ഒരു ബജറ്റെന്ന നിലയിലാണ് അവതരിപ്പിച്ചത്.

മധ്യവർഗത്തിന്റെ കൈയടി നേടുന്ന ഏക കാര്യം 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു. ഇതുവഴി വരുന്ന 15000 കോടിരൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അത് രണ്ടു തരത്തിൽ നികത്താനാണ് ശ്രമിക്കുന്നത് – 50 ലക്ഷത്തിനു മേലും ഒരു കോടിക്ക് താഴെയും വരുമാനമുള്ളവർക്കു 10 ശതമാനം അധിക സെസ് ചാർത്തിയും പിന്നെ നോട്ടു നിരോധനത്തിന് ശേഷം വൻ തുകകൾ നിക്ഷേപം വന്ന അക്കൗണ്ടുകളെ പിടികൂടിയും.

രാഷ്ട്രീയ പാർട്ടികളുടെ കറൻസിയായുള്ള സംഭാവന തുക 2000 രൂപ ആക്കി, അതുനുമുകളിലുള്ള തുക ചെക്കോ മറ്റു കാഷ്‌ലെസ്സ് രീതികളിലൂടെ മാത്രം എന്ന് പറഞ്ഞത് നല്ല നിർദ്ദേശം ആണ്. കള്ളപ്പണവും അഴിമതിക്കും പ്രധാന കാരണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന ആണെന്ന ആക്ഷേപത്തെ ഒരുപരിധി വരെ തടയാൻ ഈ നീക്കത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കാം.

തൊഴിലുറപ്പു പദ്ധതിയുടെ തുക 38500 കോടിയിൽ നിന്ന് 48000 കോടിയാക്കി ഉയർത്തി. പക്ഷെ ജെയ്റ്റ്‌ലി പറയാത്ത കാര്യം 2016 -2017 ലെ റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം 47499 കോടിരൂപ തൊഴിലുറപ്പു പദ്ധതിക്കായി ചെലവാക്കേണ്ടി വന്നിട്ടുണ്ടെന്നുളളതാണ്. അതായത് 501 കോടി രൂപ മാത്രം കൂടുതൽ. പ്രതേകിച്ചും നോട്ടു നിരോധനത്തിന് ശേഷം ഗ്രാമീണ ഇന്ത്യ അതികഠിനമായ തൊഴിലില്ലായ്മ നേരിടുമ്പോൾ. ഗ്രാമീണ ഇന്ത്യക്കായി പല പദ്ധതികളിലൂടെ നീക്കി വച്ച തുകയിൽ അത്ര കാര്യമായ വർദ്ധനവൊന്നും ഇല്ല എന്ന് മാത്രമല്ല, ഗ്രാമീണ മേഖലയെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തെ തടുക്കാനുള്ള പ്രത്യേക പദ്ധതികൾ ഒന്നും തന്നെയില്ല എന്ന് പറയേണ്ടി വരും. ക്യാപിറ്റൽ ഗൈൻ ടാക്സിൽ വരുത്തിയ മാറ്റം റിയൽ എസ്റ്റേറ്റ് മേഖലക്ക് സഹായകരമാണ്. പക്ഷെ എത്രമാത്രം ഈ മേഖലയെ മുന്നോട്ടു നയിക്കാൻ സഹായകരമാവുമെന്നു പറയാൻ കഴിയില്ല.

ഡിജിറ്റൽ ക്രയവിക്രയങ്ങൾ മുന്നോട്ടു കൊണ്ടുപോകും എന്ന് ഒന്നുകൂടി വ്യക്തമാക്കി. പക്ഷെ ഡിജിറ്റൽ രീതിയിലേക്ക് നീങ്ങാൻ സേവനദാതാക്കൾക്കും ഉപയോക്താവിനും എന്താണ് ഉത്തേജനം നൽകുന്നതൊന്നും ഇല്ല. പിന്നെ എന്തുകൊണ്ട് ഇതിലേയ്ക്കു മാറേണ്ടിവരുന്നുവെന്ന് ചോദിച്ചാൽ ഉപയോക്താവിന്റെ നിവൃത്തികേട് എന്ന് മാത്രമേ പറയാൻ കഴിയൂ. ബാങ്കിങ് റീകാപിറ്റലൈസേഷൻ ആയി 10000 കോടി നീക്കവയ്ക്കുകയും ആവശ്യമനുസരിച്ചു കൂടുതൽ നൽകുമെന്ന് പറയുമ്പോൾ ധനമന്ത്രി ബാങ്കിങ് ഉപയോക്താവിന്റെ മേൽ ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന അധിക ചാർജുകളെയും അതിനു മുകളിലുള്ള അധിക നികുതികളെയും കുറിച്ചും പൂർണമായും നിശബ്ദനാണ്. പിന്നെ ഒരു സാധാരണക്കാരന്റെ മനസ്സിൽ വരുന്ന ചോദ്യമാണ്, ഇത്രമാത്രം നിർബന്ധ നിക്ഷേപം ബാങ്കുകളിൽ വന്നിട്ടും എന്തിനാണ് ബാങ്കുകൾക്ക് റീകാപിറ്റലൈസേഷൻ സഹായം?
സ്റ്റാർട്ട് അപ്പ്സിനും നേരിട്ടുള്ളവിദേശ നിക്ഷപങ്ങൾക്കുമായി പ്രഖ്യാപിച്ച നികുതി ഇളവുകളും ഓൺലൈൻ പ്രോസസ്സിംഗ് രീതികളും മാത്രം കൊണ്ട് നിക്ഷേപം വരുമെന്ന് പ്രതീക്ഷിക്കുന്നത് ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതിന് മാത്രമേ ഉപകരിക്കുക. കൊട്ടിഗ്ഘോഷിച്ച മേയ്ക് ഇന്ത്യക്കു കാര്യമായ ഊന്നൽ ഈ ബഡ്ജറ്റിൽ ഇല്ല.

ധനമന്ത്രി റെയിൽവെയിൽ നിരക്ക് വർധന നടത്തിയില്ല. പക്ഷെ ഈ സർക്കാരിന്റെ രീതി വച്ചാൽ ബഡ്ജറ്റിന് പുറത്താണ് റെയിൽവേ നിരക്കുകൾ വർധിപ്പിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ പ്രതീക്ഷിക്കാം നിരക്ക് വർധന. ഓഹരി വില്പന എന്ന് പറയാതെ തന്നെ റെയിൽവേയുടെ ലാഭകരമായ അനുബന്ധ സ്ഥാപനങ്ങളായ ഐ ആർ സി ടി സി (IRCTC), ഐ ആർ സി ഒ എൻ ( IRCON ) എന്നിവയെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് റെയിൽവേയിൽ തുടങ്ങാൻ പോകുന്ന സ്വകാര്യവത്കരണത്തിന്റെ തുടക്കമാണ്.

കോർപ്പറേറ്റ് ഇന്ത്യക്കു കാര്യമായ പരിക്കുകൾ ഇല്ല എന്ന് മാത്രമല്ല, നേട്ടങ്ങൾ ഏറെയുണ്ട്. നോട്ടു നിരോധനത്തിലൂടെ ജനത്തെ ഭയപ്പെടുത്തി സർക്കാർ കോർപറേറ്റുകളെ ഒന്നും ചെയ്യില്ല എന്ന സന്ദേശം ഈ ബജറ്റിലൂടെ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻഡിക്കേറ്റർ മുകളിലേക്ക് നീങ്ങിയത്. ശരിയായ ലക്ഷ്യം പരാജയപെടില്ലെന്ന ഗാന്ധി വാക്യം ഉദ്ധരിച്ചാണ് ജെയ്‌റ്റലി ബജറ്റ് അവതരണം തുടങ്ങിയത്. അത് നടപ്പിലാക്കാൻ കഴിയട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.