scorecardresearch

കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നു: മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan, cpm, ie malayalam

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിന്‍റെ സൂചകളും ബജറ്റില്‍ വേണ്ടത്രയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്കു നേര്‍ക്ക് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തുന്നത്. ഇ-പി.എഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലത്തിനൊത്ത് നവീകരിച്ച് ശക്തിപ്പെടുത്താത്തതിലും, അവശ വിഭാഗ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയോ, വ്യാപിപ്പികയോ ചെയ്യാത്തതിലും എല്ലാം കേന്ദ്രത്തിന്‍റെ മനുഷ്യത്വ രഹിതമായ മനോഭാവമാണ് പ്രകടമാകുന്നത്.

Also Read: കേന്ദ്ര ബജറ്റ് നിരാശാജനകം; തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയില്ലെന്ന് ധനമന്ത്രി

പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാല്‍ ഗതിശക്തിയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മൂര്‍ത്തമായ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ല.

സാമ്പത്തിക സര്‍വ്വേയിലൂടെ വ്യക്തമായത് മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടാവുകയാണ് രാജ്യത്ത് എന്നതാണ്. ജനങ്ങളുടെ കൈവശം പണം എത്തിച്ചാല്‍ മാത്രമേ ഇതിനെ നേരിടാനാകൂ. എന്നാല്‍ ആ വഴിക്കുള്ള ഒരു നീക്കവും ബജറ്റില്‍ കാണാനില്ല. കോവിഡ് കാലത്ത് വലിയ തോതില്‍ അസമത്വം വര്‍ദ്ധിച്ചു. ആ വിടവ് നികത്തണമെങ്കില്‍ ദുര്‍ബല – നിസ്വജനവിഭാഗങ്ങളില്‍ സാമ്പത്തിക സഹായം എത്തണം. എന്നാല്‍ ആ വഴിയ്ക്കുള്ള നീക്കവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലെ വിടവ് വര്‍ദ്ധിപ്പിക്കുന്നതും വന്‍കിട കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതും പൊതുവില്‍ നാടിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ വലിയതോതില്‍ ഹനിക്കുന്നതുമാണ് ഈ ബജറ്റ്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ടല്ലാതെ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാവില്ല എന്ന പ്രാഥമികമായ ബോധം ബജറ്റില്‍ എവിടെയുമില്ല.

കാര്‍ഷികമേഖല, ഭക്ഷ്യസബ്സിഡി, ഗ്രാമീണ തൊഴില്‍ പദ്ധതി, കോവിഡ് പ്രതിരോധം എന്നിവയ്ക്കൊക്കെ പോയവര്‍ഷത്തെ ബജറ്റില്‍ ഉണ്ടായിരുന്ന വിഹിതം പോലും ഇല്ലയെന്നത് ആശങ്കയുണര്‍ത്തുന്നതാണ്.

Also Read: നാല് മേഖലകളില്‍ ഊന്നല്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഗതിശക്തി പദ്ധതിയില്‍ കേരളത്തിന്‍റെ ഗതാഗത നവീകരണ സംബന്ധിയായ നിര്‍ദ്ദേശങ്ങളെ ഉള്‍പ്പെടുത്തണമെന്നും ജിഎസ്.ടി. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കണെന്നും കേരളത്തിന്‍റെ എയിംസ് അടക്കമുള്ള നിരന്തരമായ ആവശ്യങ്ങളെ പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിക്കട്ടെ. ബജറ്റ് മറുപടി ഘട്ടത്തില്‍ ഇത്തരം പരിഗണന ഉണ്ടാകുമെന്ന് പ്രത്യാശിക്കട്ടെ.

കേരളത്തിന്‍റെ തനതു പദ്ധതികളായ ഡിജിറ്റല്‍ സര്‍വ്വകലാശാല നീക്കങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, എം സേവനം, ഓപ്റ്റിക്കല്‍ ഫൈബര്‍ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റില്‍ കാണുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Union budget 2022 response from kerala chief minister pinarayi vijayan